കൊച്ചി: ശ്ലൈഹിക സിംഹാസനത്തിന്റെ നിര്‍ദ്ദേശ പ്രകാരം സീറോ മലബാര്‍ സിനഡ് അംഗീകരിച്ചിട്ടുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജനുവരി 23 ന് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ സിനഡിനെ അറിയിച്ചു. 2021 ഓഗസ്റ്റില്‍ ചേര്‍ന്ന സിനഡ് തീരുമാനം സീറോ മലബാര്‍ സഭയിലെ 35 രൂപതകളില്‍ എറണാകുളം-അങ്കമാലി ഒഴികെയുള്ള 34 രൂപതകളും അംഗീകരിച്ചിരുന്നു.
ശ്ലൈഹിക സിംഹാസനത്തിന്റെ തീരുമാനങ്ങള്‍ അനുസരണയോടെ സ്വീകരിച്ച് നടപ്പിലാക്കുന്നത് കത്തോലിക്കാ പാരമ്പര്യത്തിന്റെ അനിവാര്യതയാണ്. പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമമനുസരിച്ച് ആരാധനാ ക്രമപരമായ വിഷയങ്ങളില്‍ സഭാ സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്കോ രൂപതകള്‍ക്കോ അവകാശമില്ല എന്ന യാഥാര്‍ത്ഥ്യം സിനഡ് ഓര്‍മ്മിപ്പിച്ചു.
അനാവശ്യമായ നിര്‍ബന്ധ ബുദ്ധികള്‍ ഉപേക്ഷിച്ച് ശ്ലൈഹിക സിംഹാസനവും സഭാ സിനഡും നിര്‍ദ്ദേശിച്ച പ്രകാരം ഏകീകൃത ബലിയര്‍പ്പണരീതി നടപ്പിലാക്കാന്‍ എല്ലാ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും സിനഡു പിതാക്കന്‍മാര്‍ ആവശ്യപ്പെട്ടു.
നമ്മുടെ സഭയുടെ നന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ഇപ്രകാരമുള്ള അനുരഞ്ജനത്തിന് എല്ലാവരും തയ്യാറാകുമെന്ന് സിനഡ് പ്രത്യാശ പ്രകടിപ്പിച്ചു. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടമായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണ രീതിയിലെ അഭിപ്രായാന്തരം തെരുവു കലാപമാക്കി മാറ്റാന്‍ ശ്രമിക്കുന്ന സഭാ വിരുദ്ധ ശക്തികളുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാര്‍ എവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാലും അത് സിനഡ് നിര്‍ദ്ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട വികാരിയച്ചന്മാര്‍ ദൈവാലയങ്ങളില്‍ ഒരുക്കണമെന്നും സിനഡ് നിര്‍ദ്ദേശിച്ചു.
സഭയെന്നത് മാനുഷികമായ സംവിധാനം മാത്രമല്ല. മിശിഹായുടെ മൗതിക ശരീരമാണ്. സഭാ സിനഡിന്റെ തീരുമാനങ്ങളിലൂടെ പരിശുദ്ധാത്മാവിന്റെ ഹിതം വെളിപ്പെടുന്നു എന്നതാണു നമ്മുടെ വിശ്വാസം. സഭയുടെ ഐക്യത്തെ ലക്ഷ്യമാക്കി സിനഡ് എടുത്ത തീരുമാനം ബഹുഭൂരിഭാഗം രൂപതകളിലും സ്വീകരിക്കപ്പെട്ടൂ എന്നത് പ്രസ്തുത തീരുമാനത്തിനു പിന്നിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്.
ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലായാല്‍ ജപമാലയുള്‍പ്പെടെയുള്ള ഭക്താഭ്യാസങ്ങള്‍ നിര്‍ത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നുമുള്ള അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണങ്ങള്‍ ആരെയും വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സിനഡ് മുന്നറിയിപ്പ് നല്‍കി.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതിയില്‍ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികളിലൂടെ പല വേദികളിലും അതിരൂപതയുടെ ചില പ്രതിനിധികള്‍ പ്രകടമാക്കുന്നതില്‍ സിനഡ് ദുഃഖം രേഖപ്പെടുത്തി. സഭയുടെ കൂട്ടായ്മയെയും പൊതുനന്മയെയും കരുതി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച മറ്റു രൂപതകളുടെ മാതൃക അനുകരണീയമാണ്.
ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണം എന്ന സിനഡ് തീരുമാനത്തില്‍ നിന്ന് കാനന്‍ 1538 പ്രകാരമുള്ള ഒഴിവ് ആവശ്യപ്പെട്ടുകൊണ്ട് ശ്ലൈഹിക സിംഹാസനത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ മെത്രാപ്പോലീത്തന്‍ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു.
പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ നിന്നും ലഭിച്ച കത്തിന്റെ വെളിച്ചത്തില്‍, അതിരൂപതയ്ക്കു മുഴുവനുമായി മെത്രാപ്പോലീത്തന്‍ വികാരി കാനന്‍ 1538 പ്രകാരം 2021 നവംബര്‍ 27 ന് നല്‍കിയ ഒഴിവ് കാനോനികമായി നിലനില്‍ക്കുകയില്ലെന്നും അതിനാല്‍ പ്രസ്തുത നടപടി തിരുത്തണമെന്നും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി 2021 ഡിസംബര്‍ ഏഴിനും 2022 ജനുവരി ഏഴിനും നല്‍കിയ കത്തുകളിലൂടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.