ജീവിതത്തെ ധന്യമാക്കുന്നത് ദൈവ സ്‌നേഹം; ആ നിരന്തര സാന്നിധ്യം തിരിച്ചറിയാതെ പോകരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

ജീവിതത്തെ ധന്യമാക്കുന്നത് ദൈവ സ്‌നേഹം; ആ നിരന്തര സാന്നിധ്യം തിരിച്ചറിയാതെ പോകരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതത്തെ ഫലദായകവും ധന്യവുമാക്കി മാറ്റുന്ന ദൈവ സ്‌നേഹത്തിന്റെ നിരന്തര സാന്നിധ്യം തിരിച്ചറിയാതെ പോകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സദാ പ്രാപ്യമാക്കാനാകുന്ന കര്‍ത്തൃ സാമീപ്യത്തിന്റെ ആര്‍ദ്രവും വിവേചനപരവും സ്നേഹനിര്‍ഭരവുമായ അടയാളങ്ങള്‍ നാം നിധിപോലെ ഹൃദയത്തില്‍ സൂക്ഷിക്കണമെന്നും അതു നിമിത്തം ജീവിതം സന്തോഷഭരിതമാകുമെന്നും പാപ്പ പറഞ്ഞു.

കാനായിലെ കല്യാണത്തിനെത്തിയ യേശു വെള്ളം വീഞ്ഞാക്കി മാറ്റിയതു വിവരിക്കുന്ന സുവിശേഷ ഭാഗത്തെ അധികരിച്ചുള്ള ഞായറാഴ്ച പ്രസംഗത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവസ്‌നേഹത്തിന്റെ സാമീപ്യം തിരിച്ചറിയണമെന്നു ചൂണ്ടിക്കാട്ടിയത്. കാനായിലെ ഈ അടയാളം ശിഷ്യന്മാരുടെ വിശ്വാസത്തെ എങ്ങനെ ജ്വലിപ്പിച്ചുവെന്ന് പാപ്പ വിശദീകരിച്ചു. സുവിശേഷ വായനയിലൂടെ നമുക്കു തെളിഞ്ഞു കിട്ടുന്ന മിക്ക അടയാളങ്ങളും ദൈവസ്‌നേഹത്തെ വെളിപ്പെടുത്തുന്ന സൂചനകളാണ്.

സുവിശേഷത്തിലെ ഈ അടയാളങ്ങള്‍ക്കു പിന്നിലെ സംഭവങ്ങളുടെയും പ്രവര്‍ത്തനത്തിന്റെയും അസാധാരണ ശക്തിയെ എപ്പോഴും മറികടക്കുന്നുണ്ട് അതിനു വഴി തെളിച്ച സ്‌നേഹം. ദൈവസ്‌നേഹം എപ്പോഴും സമീപസ്ഥമാണ്; ആര്‍ദ്രതയും അനുകമ്പയും ഉള്ളതാണ്- മാര്‍പ്പാപ്പ നിരീക്ഷിച്ചു.

യേശു അസാധാരണ വിവേകത്തോടെ പ്രവര്‍ത്തിച്ചതുമൂലമാണ് കാനായിലെ വിവാഹ വിരുന്ന് അസന്തുഷ്ട സംഭവമായി മാറാതിരുന്നത്. വീഞ്ഞ് തീര്‍ന്നു പോയെന്ന കാര്യം നിശബ്ദമായി യേശുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് നമ്മുടെ പരിശുദ്ധ മാതാവാണ്. ഈ സംഭവം ഒരു ഗുരുതര പ്രശ്‌നമാക്കാതെ, വീഞ്ഞായി മാറ്റിയ വെള്ളം പരിചാരകരിലൂടെ കുടങ്ങളില്‍ നിറപ്പിച്ചുകൊണ്ട് കര്‍ത്താവ് 'തിരശ്ശീലയ്ക്ക് പിന്നില്‍' ഇടപെട്ടു. ലളിതവും എന്നാല്‍ അതിശയകരവുമായ ഈ അടയാളം, 'ദൈവം എങ്ങനെ സമീപസ്ഥമായി വിവേകത്തോടെ പ്രവര്‍ത്തിക്കുന്നു' എന്ന് കാണിക്കുന്നു. ഈ നിമിഷങ്ങളെ ഏറ്റവും മനോഹരമാക്കുന്ന ദൈവസ്‌നേഹമാണ് യേശുവില്‍ പ്രകടമാകുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

കീഴടക്കുന്ന സ്‌നേഹമാണത്

യേശു നടത്തിയ ആദ്യ അടയാളം അസാധാരണമായ ഒരു രോഗശാന്തിയല്ല, മറിച്ച് മനുഷ്യന്റെ ആവശ്യത്തോടുള്ള ലളിതവും മൂര്‍ത്തവുമായ പ്രതികരണമാണ്- മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. 'ദൈവം ഇങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നത്. കാനായിലെ മേരിയെപ്പോലെ നമ്മള്‍ ചോദിച്ചാല്‍, സഹായിക്കാനും നമ്മെ കരങ്ങളാല്‍ താങ്ങി ഉയര്‍ത്താനും യേശു തയ്യാറാണ്. ഈ അടയാളങ്ങള്‍ മനസിലാക്കുന്നതിലൂടെ നാമും ആ സ്‌നേഹത്താല്‍ കീഴടക്കപ്പെടുന്നു; അവിടുത്തെ ശിഷ്യന്മാരായിത്തീരുകയും ചെയ്യുന്നു.

യേശു വീഞ്ഞാക്കിയ വെള്ളം ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ളതായിരുന്നുവെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. പ്രായോഗിക കാരണങ്ങളാല്‍ സാധാരണയായി അത്തരം വീഞ്ഞ് നേര്‍പ്പിക്കപ്പെടുമായിരുന്നു. നമുക്കും നമ്മുടെ സന്തോഷത്തിനും നല്ലത് എന്താണെന്ന് ദൈവം മനസിലാക്കുന്നുണ്ട്. പരിധികളോ നിബന്ധനകതകളോ വെക്കാതെ നമ്മുടെ സന്തോഷം പൂര്‍ണ്ണവും നേര്‍പ്പിക്കപ്പെടാത്തതുമാകാനും ശ്രദ്ധ വെക്കുന്നുവെന്ന് പ്രതീകാത്മകമായി ഈ സംഭവം നമ്മോട് പറയുന്നു.

ദൈവസ്‌നേഹത്തിന്റെ അടയാളങ്ങള്‍ക്കായി ജീവിതത്തില്‍ തിരിഞ്ഞുനോക്കണം. ദുഷ്‌കരമായ നിമിഷങ്ങളില്‍ പോലും കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുകയും നമ്മോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തുവെന്നത് ഓര്‍ക്കാനും കണ്ടെത്താനും ശ്രമിക്കണം. നമ്മുടെ സ്വന്തം ഓര്‍മ്മകളിലൂടെ കടന്നുപോകുകയാണെങ്കില്‍ അത് സാധിക്കുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. 'അവന്റെ സാന്നിധ്യവും മറിയത്തിന്റെ മാധ്യസ്ഥതയും അനുഭവിച്ച നിമിഷങ്ങള്‍ നമുക്ക് പുനരാവിഷ്‌കരിക്കാം. കാനായിലെന്നപോലെ എപ്പോഴും ശ്രദ്ധാലുവായ പരിശുദ്ധ അമ്മ, ദൈവസാന്നിദ്ധ്യത്തിന്റെ അടയാളങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സൂക്ഷിക്കാന്‍ സഹായിക്കട്ടെ'- ഫ്രാന്‍സിസ് മാര്‍പാപ്പ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.