സിനഗോഗിലെ ബന്ദിയാക്കലിനു പിന്നില്‍ പാക് ബന്ധം; 'ഭീകരപ്രവര്‍ത്തന'മെന്ന് അമേരിക്കയും, ബ്രിട്ടനും

സിനഗോഗിലെ ബന്ദിയാക്കലിനു പിന്നില്‍ പാക് ബന്ധം; 'ഭീകരപ്രവര്‍ത്തന'മെന്ന് അമേരിക്കയും, ബ്രിട്ടനും


ഡാളസ്: ടെക്‌സസിലെ പ്രാന്തപ്രദേശത്തുള്ള സിനഗോഗില്‍ നാല് പേരെ ബന്ദികളാക്കി അക്രമി കൊല്ലപ്പെട്ട സംഭവത്തോടെ പാകിസ്ഥാന്റെ തീവ്രവാദ ബന്ധം വീണ്ടും ചര്‍ച്ചകളിലേക്ക്. പാകിസ്ഥാനില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്നയാളാണ് ബ്രിട്ടീഷ് പൗരനായിരുന്ന മാലിക് ഫൈസല്‍ അക്രം (44) എന്ന അക്രമിയെന്ന് എഫ്.ബി.ഐ കരുതുന്നു.

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനിക ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ട ശാസ്ത്രജ്ഞയായ ആഫിയ സിദ്ദിഖിയുടെ ജയില്‍ മോചനമായിരുന്നു അക്രം ലക്ഷ്യമിട്ടത്. കോളെവില്ലെയിലെ കോണ്‍ഗ്രിഗേഷന്‍ ബെത്ത് ഇസ്രായേല്‍ സിനഗോഗിലെ റബ്ബി ഉള്‍പ്പെടെയുള്ളവരെ അക്രം ബന്ദികളാക്കിയ ശേഷം 10 മണിക്കൂര്‍ പോലീസിനെ മുള്‍മുനയിലാക്കി. സ്ഫോടനങ്ങള്‍ക്കും വെടിവയ്പ്പിനും ശേഷമാണ് ഇയാള്‍ കൊല്ലപ്പെട്ടതായി ഡാളസിലെ എഫ്ബിഐ അറിയിച്ചത്.

അക്രമിയുടെ ഒരു സഹോദരന്‍ ഇരകളോട് ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കി. അക്രത്തിന് 'മാനസിക ആരോഗ്യ പ്രശ്നങ്ങള്‍' ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സംഭവത്തില്‍ രണ്ടുപേര്‍ ബ്രിട്ടനില്‍ പോലീസിന്റെ പിടിയിലായതോടെ അക്രത്തിന്റേത് ഒറ്റയാന്‍ ഉദ്യമമായിരുന്നില്ലെന്ന സൂചന ശക്തമായി.സിനഗോഗിലെ സംഭവത്തെ 'ഭീകരപ്രവര്‍ത്തനം' എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. സംഭവത്തെ അപലപിച്ച യു.കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 'ഭീകരവാദത്തിന്റെയും യഹൂദവിരുദ്ധതയുടെയും പ്രവൃത്തി' ആണതെന്ന നിരീക്ഷണവും പങ്കുവച്ചിരുന്നു.

അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലന പ്രകാരം, ആഫിയ സിദ്ദിഖിയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ നിരന്തരം ചെലുത്തിവരുന്ന ഉത്ക്കണ്ഠ, ആ രാജ്യത്ത് തീവ്രവാദം എത്രത്തോളം വേരൂന്നിയിരിക്കുന്നുവെന്നതിന്റെ ശബ്ദിക്കുന്ന തെളിവാണ്. 'പാകിസ്ഥാനില്‍, സിദ്ദിഖിക്ക് ഹീറോയിന്‍ പരിവേഷമാണുള്ളത്. പാക് പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരെല്ലാം അമേരിക്കയുടെ മുന്നില്‍ അവര്‍ക്കായി വാദിക്കുന്നുണ്ട്. അവരെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ സെനറ്റ് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു' ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.

പന്ത്രണ്ടു വര്‍ഷം മുമ്പ്, ആഫിയ സിദ്ദിഖിയുടെ അറസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ യു.എസില്‍ വലിയ സംഭവമായില്ലെങ്കിലും അവരുടെ ശിക്ഷ പാകിസ്ഥാനില്‍ വ്യാപകമായ അമേരിക്കന്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് കാരണമായെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിലേക്കുള്ള യുദ്ധ സാമഗ്രികളുടെ വിതരണം തടഞ്ഞ് അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു വരെ പാകിസ്ഥാന്‍ അധികൃതരോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആഫിയയുടെ തടവ് മാസങ്ങളോളം പാകിസ്ഥാനില്‍ പ്രധാനവാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ആഫിയയോടുള്ള പാകിസ്ഥാന്റെ ആരാധന മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. 2008 ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായവരെ സ്വതന്ത്രരായി വിഹരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതും ഇതോടൊപ്പം കാണണമെന്ന് വിശകലന വിദഗ്ധന്‍ പറഞ്ഞു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ബോധപൂര്‍വ്വമാണ് അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് സുരക്ഷിതമായ താവളമൊരുക്കിയതെന്ന കാര്യവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍മ്മിപ്പിക്കുന്നു.

'കൂടാതെ, അഫ്ഗാനിസ്ഥാനെ താലിബാന്‍ കീഴടക്കിയത് എങ്ങനെയോ സംഭവിച്ചെന്ന മട്ടിലുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നിഗമനം ചര്‍ച്ചചെയ്യുമ്പോള്‍, അവിടത്തെ താലിബാന്‍ ആക്രമണം ഫലത്തില്‍ ഒരു പാകിസ്ഥാന്‍ അധിനിവേശമായിരുന്നു എന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്'-എഇഐ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.