ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ ചരിത്രം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു.
2022 ജനുവരി 13ന് കുപ്രസിദ്ധ ഗുണ്ടാസംഘം നഹിദ് ഹസന്‍ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഹസന്റെ ക്രിമിനല്‍ രേഖകള്‍ എങ്ങും പ്രസിദ്ധീകരിച്ചിരുന്നില്ല. 48 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ ചരിത്രം വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മറികടന്നായിരുന്നു ഇത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പാര്‍ട്ടികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും അഭിഭാഷകയായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കുറ്റവാളികളെ മത്സരിക്കാനും നിയമസഭാംഗമാക്കാനും അനുവദിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അത്യന്തം ഗുരുതരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ അവര്‍ വന്‍തോതില്‍ അനധികൃത പണം ഒഴുക്കുകയും, വോട്ടര്‍മാരെയും എതിരാളികളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ സിറ്റിംഗ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ നീണ്ട കാലതാമസവും കുറഞ്ഞ ശിക്ഷാ നിരക്കുമാണ് ഉള്ളതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.