സ്‌കൂളുകളിലെ കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച മുതല്‍; കുത്തിവയ്പ്പ് 967 കേന്ദ്രങ്ങളില്‍

സ്‌കൂളുകളിലെ കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച മുതല്‍; കുത്തിവയ്പ്പ് 967 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്സിന്‍ നല്‍കിത്തുടങ്ങും. 15-18 വയസ് പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ ലഭിച്ചു. ഇനി 49 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് വാക്സിന്‍ നല്‍കാനുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

വാക്സിന്‍ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കും. 500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളിലാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ക്കായി എല്ലാ സ്‌കൂളുകളിലും ആബുലന്‍സ് സര്‍വീസുകള്‍ ഒരുക്കും. രക്ഷകര്‍ത്താക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ വാക്സിന്‍ നല്‍കുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 967 സ്‌കൂളുകളിലാണ് ഇത്തരത്തില്‍ വാക്സിന്‍ നല്‍കുക.

ഓരോ ദിവസവും വാക്സിന്‍ എടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. വാക്സിന്‍ നല്‍കുന്നതിനും വിശ്രമിക്കുന്നതിനുമായി പ്രത്യേകം മുറികള്‍ സജ്ജീകരിക്കും. ഒപ്പം സ്‌കൂളുകളില്‍ പി.ടി.എ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തണം.

ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്സിനേറ്റര്‍, സ്റ്റാഫ് നേഴ്സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്സിനേഷന്‍ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷന്‍ സൈറ്റിലെയും വാക്സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും. സ്‌കൂള്‍ അധികൃതര്‍ ഒരു ദിവസം വാക്സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും.

വാക്സിനേഷന്‍ ദിവസത്തിന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.

മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പത്ത് മുതലുള്ള ക്ലാസുകള്‍ക്ക് നിലവിലെ സംവിധാനത്തില്‍ പഠനം തുടരും. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുണ്ടാവും. അധ്യാപകര്‍ സ്‌കൂളുകളില്‍ വരണമെന്നും ഓണ്‍ലൈന്‍ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.