'ഒരമ്മയല്ലേ ഞാന്‍?.. എന്റെ മോനെ തിരിച്ചു തരുവോ'?.. പിണറായി സര്‍ക്കാര്‍ കേള്‍ക്കുന്നില്ലേ ഈ അമ്മയുടെ നെഞ്ചു പൊട്ടിയ നിലവിളി?

'ഒരമ്മയല്ലേ ഞാന്‍?.. എന്റെ മോനെ തിരിച്ചു തരുവോ'?.. പിണറായി സര്‍ക്കാര്‍ കേള്‍ക്കുന്നില്ലേ ഈ അമ്മയുടെ നെഞ്ചു പൊട്ടിയ നിലവിളി?

ഞെട്ടലോടെയാണ് കേരളം ഇന്നുണര്‍ന്നത്. കാരണം ഇത്തരം സംഭവങ്ങള്‍ മലയാളികള്‍ക്ക് തീരെ പരിചിതമല്ല. പത്തൊമ്പത് വയസുള്ള ഒരു യുവാവിനെ ബലമായി പിടിച്ചു കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടുപോയിടുക. എന്നിട്ട് ഞാനൊരുത്തനെ കൊന്നു എന്നാക്രോശിച്ച് പൊലീസുകാരെ വിവരം അറിയിക്കുക.

ഇത്തരം കൊടുംക്രൂരതകളൊക്കെ അരങ്ങേറുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് എന്നാണ് നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ കേരളവും ആ വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു! ഇത് സംഭവിച്ചതോ കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്ത് തന്നെ. മകനെ കാണാനില്ലെന്നു കാണിച്ച് രാത്രി ഒന്നരയ്ക്ക് അമ്മ പൊലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതിയില്‍ പൊലീസ് അടിയന്തര നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ആ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

കാപ്പ ചുമത്തി നാടുകടത്തിയ ഒരു കൊടും കുറ്റവാളി ചെയ്ത പൈശാചികത കേരളത്തെയാകെ വേദനിപ്പിച്ചു എന്നതിലുപരി നാണം കെടുത്തുകയും ചെയ്തു. തലസ്ഥാന നഗരിയില്‍ സമാനമായ മറ്റൊരു സംഭവമുണ്ടായിട്ട് അധിക നാളുകളായില്ല.

ചോര മണക്കുന്ന ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ എതിര്‍ സംഘത്തില്‍പ്പെട്ടയാളെ വീട്ടില്‍ കയറി വെട്ടി വീഴ്ത്തി കാല്‍പ്പാദം മുറിച്ചെടുത്ത് ബൈക്കിലെത്തി നടുറോഡില്‍ വലിച്ചെറിഞ്ഞു. ആ ഞെട്ടല്‍ മാറും മന്‍പ് ഇതാ മറ്റൊന്നു കൂടി.

നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍ അരങ്ങേറുമ്പോള്‍ 'ഒറ്റപ്പെട്ട സംഭവം' എന്ന ഒറ്റ വാക്കിലൊതുക്കി നിസാരവല്‍ക്കരിക്കാനാണ് ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്. ഇവിടെ പൊലീസുണ്ടോ എന്ന സാധാരണക്കാരന്റെ സംശയം മാറുന്നത് ട്രാഫിക് ലംഘനം പോലുള്ള ചെറിയ കുറ്റങ്ങള്‍ക്ക് കനത്ത പിഴ ചുമത്താന്‍ റോഡരുകില്‍ കാത്തു നില്‍ക്കുന്ന ഏമാന്‍മാരെ കാണുമ്പോള്‍ മാത്രമാണ്.

അമേരിക്കയില്‍ ചികത്സയ്ക്കു പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിശോധിച്ച സായിപ്പുമാരായ ഡോക്ടര്‍മാര്‍ 'ഇരട്ടച്ചങ്ക്' കണ്ട് ഞെട്ടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ തട്ടി വിടുന്നത്. അതെന്തെങ്കിലുമാകട്ടെ. ഒറ്റച്ചങ്കന്‍മാരായ നിരവധി രാഷ്ട്രീയ നേതാക്കള്‍ ഏറെ ഭംഗിയായി കൈകാര്യം ചെയ്ത വകുപ്പാണ് ആഭ്യന്തരം. അന്നൊന്നുമില്ലാത്ത വിധം തകര്‍ന്നു പോയിരിക്കുന്നു പിണറായിയുടെ ഭരണത്തില്‍ നമ്മുടെ പൊലീസിങും ക്രമസമാധാന പാലനവും.

സമര്‍ത്ഥരായ നിരവധി ഉദ്യോഗസ്ഥര്‍ ഉള്ളതാണ് നമ്മുടെ പൊലീസ് സേന. പ്രമാദമായ പല കേസുകള്‍ തെളിയിച്ചപ്പോഴും നാമത് കണ്ടിട്ടുള്ളതാണ്. പക്ഷേ, കുറ്റവാളികള്‍ക്ക് പൊലീസ് ഇടേണ്ട കൈവിലങ്ങ് ഭരണ നേതൃത്വം പൊലീസിന്റെ കൈകളിലിട്ടാല്‍പ്പിന്നെ എങ്ങനെ ക്രമസമാധാനം പുലരും. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ഇവിടെ പ്രസക്തമാണ്.

രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയുള്ള ഗുണ്ടാപ്പടകള്‍ക്ക് പൊലീസിനെ തെല്ലും ഭയമില്ലെന്ന സ്ഥിതി വിശേഷമാണുള്ളത്. അതിനുദാഹരണമാണ് കണ്ണൂര്‍ ഏച്ചൂരിലെ പെട്രോള്‍ പമ്പില്‍ ഒരാഴ്ച മുന്‍പുണ്ടായ അക്രമവും പൊലീസിനെതിരെയുള്ള ഗുണ്ടകളുടെ വെല്ലുവിളിയും. എതിരാളികളെ നേരിടാന്‍ രാഷ്ട്രീയക്കാര്‍ ഇത്തരത്തില്‍ ഗുണ്ടാ സംഘങ്ങളെ പോറ്റി വളര്‍ത്തുമ്പോള്‍ തകരുന്നത് സാധാരണക്കാരുടെ മനസമാധാനമാണ്... സുരക്ഷിത്വ ബോധമാണ്.

ഏത് പട്ടാപ്പകലും എവിടെ വച്ചും ആരും ആക്രമിക്കപ്പെട്ടേക്കാം എന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. എന്തിനധികം അടച്ചുറപ്പുള്ള വീടുകളില്‍ പോലും നമ്മള്‍ സുരക്ഷിതരല്ല. അത്രകണ്ട് ഭീകരമാണ് കേരളത്തില്‍ ഗുണ്ടകളുടെ തേര്‍വാഴ്ച.

ഇനിയെങ്കിലും ഇതവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. അല്ലെങ്കില്‍ കോട്ടയത്ത് ഇന്നു പുലര്‍ച്ചെ കൊല ചെയ്യപ്പെട്ട ഷാന്‍ എന്ന ചെറുപ്പക്കാരന്റെ അമ്മയുടെ നെഞ്ചു തകര്‍ന്നുള്ള രോദനം പോലെ
ഇനിയുമേറെ അമ്മമാരുടെ വിലാപം കേള്‍ക്കേണ്ടതായി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.