പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി കൊടുംകുറ്റവാളി; ക്രിമിനല്‍ ചരിത്രം പുറത്തുവിട്ട് അമേരിക്കന്‍ മാധ്യമങ്ങള്‍

പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി കൊടുംകുറ്റവാളി;  ക്രിമിനല്‍ ചരിത്രം പുറത്തുവിട്ട് അമേരിക്കന്‍ മാധ്യമങ്ങള്‍

വാഷിംഗ്ടണ്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ആദ്യമായി സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച രോഗിയായ ഡേവിഡ് ബെന്നറ്റ് കൊടും കുറ്റവാളിയെന്ന് റിപ്പോര്‍ട്ട്. 57 വയസുകാരനായ ഇയാളുടെ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1988-ല്‍ എഡ്വേര്‍ഡ് ഷുമാക്കര്‍ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബെന്നറ്റ് 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. കുത്തേറ്റ് അരയ്ക്കു താഴേക്കു തളര്‍ന്ന 22 വയസുകാരനായ എഡ്വേര്‍ഡ് ഇരുപത് വര്‍ഷം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം 2007-ലാണ് മരിച്ചതെന്ന് സഹോദരി ലെസ്ലി ഷുമാക്കര്‍ ഡൗണി പറഞ്ഞു.

ഒരു കാലത്ത് മേരിലാന്‍ഡ് നിവാസികള്‍ ഭയപ്പാടോടെ ഓര്‍ത്തിരുന്നയാളായിരുന്നു ഡേവിഡ് ബെന്നറ്റ് എന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതി രേഖകള്‍ അനുസരിച്ച് കൊലപാതകം, ആയുധം കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ കുറ്റങ്ങള്‍ക്ക് 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 29,824 ഡോളര്‍ നഷ്ടപരിഹാരമായി ഷുമാക്കറിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ അതും ഡേവിഡ് പാലിച്ചില്ലെന്ന് ലെസ്ലി പറഞ്ഞു.


ബെന്നറ്റ് 2019-ൽ

അത്യാധുനിക വൈദ്യ പരിചരണം നല്‍കുന്നതിനായി രോഗികളെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ റിപ്പോര്‍ട്ടുകള്‍ പ്രേരകമായി. അതേസമയം,
ഇത്തരം ക്രിമിനല്‍ ചരിത്രങ്ങള്‍ രോഗികളെ രക്ഷിക്കുന്നതില്‍നിന്ന് അവരെ അയോഗ്യരാക്കില്ലെന്ന് ബെന്നറ്റിന്റെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗികളുടെ പശ്ചാത്തലമോ ജീവിത സാഹചര്യങ്ങളോ പരിഗണിക്കാതെ, എല്ലാവരെയും ചികിത്സിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയത്തിന് മനുഷ്യന്റെ ഹൃദയം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഈ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തെളിയിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

വൈദ്യശാസ്ത്ര രംഗത്ത് വലിയ ചലനം സൃഷ്ടിച്ചുകൊണ്ടാണ് ആദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചുപിടിപ്പിച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അവയവ ക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഏഴു മണിക്കൂര്‍ നീണ്ട നിര്‍ണായകവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നടന്നത്.

ബെന്നറ്റിന്റെ പരീക്ഷണം വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. മനുഷ്യ ഹൃദയത്തിനായി ദിവസങ്ങളോളം കാത്തുനിന്നിരുന്നു. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ട്രാന്‍സ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബെനറ്റന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ഇതുവരെ ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.