മോന്‍സന്റെ ചെമ്പോല പുരാവസ്തുവല്ല; പുരാവസ്തു മൂല്യം നാണയത്തിനും ലോഹവടിക്കും മാത്രം

മോന്‍സന്റെ ചെമ്പോല പുരാവസ്തുവല്ല; പുരാവസ്തു മൂല്യം നാണയത്തിനും ലോഹവടിക്കും മാത്രം

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ചെമ്പോല പുരാവസ്തുവല്ലെന്ന് കണ്ടെത്തല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് കണ്ടെത്തല്‍. പത്തു വസ്തുക്കളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതില്‍ നാണയം, ലോഹവടി (കുന്തം) എന്നിവയ്ക്കു മാത്രമാണ് പുരാവസ്തു മൂല്യമുള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചെമ്പോല പുരാവസ്തുവല്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണത്തിനൊടുവില്‍ വ്യക്തമായിരിക്കുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോന്‍സന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ എ.എസ്.ഐ പറയുന്നത്. ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധിച്ചത്.

ഈ പരിശോധനയില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍. മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.