അമ്മമാരുടെ കണ്ണീരിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം: കെ.കെ രമ

അമ്മമാരുടെ കണ്ണീരിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം: കെ.കെ രമ

കോഴിക്കോട്: കോട്ടയത്ത് 19 വയസുകാരനെ ഗുണ്ട കൊലപ്പെടുത്തിയ സംഭവം മനസ് മരവിപ്പിക്കുന്നതാണെന്ന് കെ.കെ രമ എം.എല്‍.എ.

കേരളത്തിലെ പോലിസ് സംവിധാനത്തിന്റെ തോളില്‍ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പ്. ക്രിമിനലുകള്‍ക്ക് താവളമൊരുക്കുന്ന ആഭ്യന്തര വകുപ്പും പോലിസുമുള്ളൊരു നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം കൊലപാതകങ്ങള്‍ ഒരു വാര്‍ത്തയല്ലാതായി മാറിയെന്നും ആഭ്യന്തര വകുപ്പ് അമ്മമാരുടെ കണ്ണീരിന് മറുപടി പറയണമെന്നും കെ.കെ രമ പറഞ്ഞു.

യുവാവിനെ കൊന്ന് മൃതദേഹം തോളിലേറ്റി പോലിസ് സ്റ്റേഷനുമുന്നില്‍ കൊണ്ടുപോയി ഇട്ടത്തിനു ശേഷം താനൊരാളെ കൊന്നിരിക്കുന്നു എന്ന് ഗുണ്ട പോലീസിനെ നേരിട്ട് അറിയിച്ചിരിക്കുന്നു. എവിടെ നിന്നാണ് ഗുണ്ടകള്‍ക്ക് ഇത്രയും ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നത്.

മകനെ കോട്ടയത്തെ ഒരു ഗുണ്ട തട്ടിക്കൊണ്ടുപോയെന്ന് കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷിക്കാമെന്ന സ്ഥിരം പല്ലവിയോടെ പോലീസ് ആ അമ്മയെ മടക്കുകയായിരുന്നു. ഗുണ്ടകളെ പിടിക്കാനെന്ന പേരില്‍ ആരംഭിച്ച 'ഓപ്പറേഷന്‍ കാവല്‍' പദ്ധതി വഴി ഗുണ്ടകള്‍ക്ക് പകരം മാധ്യമ പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും നിരീക്ഷണ വലയത്തിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കൊടും ക്രിമിനല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുന്‍പാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചതെന്ന് പോലീസ് തന്നെ പറയുന്നു. ഇങ്ങനെയുള്ള ഒരാളെ ഒരാഴ്ച പോലും പോലീസ് നിരീക്ഷണ വലയത്തില്‍ വെക്കാതെ സ്വതന്ത്രനാക്കി വിട്ടതിന്റെ പരിണിത ഫലമാണ് ഈ കൊലപാതകം.

ഇവിടെ മറ്റാരെക്കാളും ക്രിമിനലുകള്‍ക്കാണ് സ്വാധീന ശക്തി. അടിമുടി ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു സംവിധാനത്തിനു കീഴില്‍ ജനങ്ങള്‍ക്ക് സുരക്ഷയും നീതിയും എന്നും അകലെ തന്നെയാണെന്നും രമ വിമര്‍ശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.