ഫിഫയുടെ മികച്ച താരം വീണ്ടും ലെവന്‍ഡോവ്സ്‌കി: മെസിയെ പിന്തള്ളി;അലെക്സിയ പുറ്റെലസ് വനിതാ താരം

ഫിഫയുടെ മികച്ച താരം വീണ്ടും ലെവന്‍ഡോവ്സ്‌കി: മെസിയെ പിന്തള്ളി;അലെക്സിയ പുറ്റെലസ് വനിതാ താരം

സൂറിച്ച്: ലയണല്‍ മെസിയെ മറികടന്ന് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബോള്‍ താരമായി. കഴിഞ്ഞ തവണയും ബയേണ്‍ മ്യൂണിക്ക് മുന്നേറ്റക്കാരനായിരുന്നു പുരസ്‌കാരം. രാജ്യാന്തര ഗോളടിയില്‍ മുന്നിലെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചു.

സ്പെയ്നിന്റെയും ബാഴ്സലോണയുടെയും മധ്യനിരക്കാരി അലെക്സിയ പുറ്റെലസാണ് വനിതാ താരം. ബാലന്‍ ഡി ഓറും ഈ ഇരുപത്തേഴുകാരി നേടിയിരുന്നു. കഴിഞ്ഞവട്ടം ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സായിരുന്നു ജേത്രി.

മെസി, മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് ലെവന്‍ഡോവ്സ്‌കി പുരസ്‌കാരം നിലനിര്‍ത്തിയത്. ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പോരാട്ടത്തില്‍ മെസിക്ക് പിന്നിലായിരുന്നു പോളണ്ടുകാരന്‍. ബയേണിനായി നടത്തിയ മികച്ച പ്രകടനമാണ് ഫിഫ നേട്ടത്തില്‍ മുപ്പത്തിമൂന്നുകാരനെ തുണച്ചത്. 44 കളിയില്‍നിന്ന് 51 ഗോളാണ് ലെവന്‍ഡോവ്സ്‌കി കുറിച്ചത്. എട്ടവസരങ്ങളും ഒരുക്കി. ബയേണിനായി ജര്‍മന്‍ ലീഗും ജര്‍മന്‍ സൂപ്പര്‍ കപ്പും സ്വന്തമാക്കി.

ബാഴ്സ വനിതാ ടീമിനായി 31 കളിയില്‍ 18 ഗോളാണ് പുറ്റെലസ് നേടിയത്. ദേശീയ ടീമുകളുടെ പരിശീലകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവര്‍ ചേര്‍ന്നുള്ള വോട്ടെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. വനിതാ പരിശീലക: എമ്മ ഹെയ്സ് (ചെല്‍സി). പുരുഷ പരിശീലകന്‍: തോമസ് ടുഷെല്‍ (ചെല്‍സി). വനിതാ ഗോളി: ക്രിസ്റ്റ്യാനെ എന്‍ഡ്ലെര്‍ (പിഎസ്ജി/ചിലി). പുരുഷ ഗോളി: എഡ്വേര്‍ഡ് മെന്‍ഡി (ചെല്‍സി/സെനെഗല്‍). മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം: എറിക് ലമേല (ടോട്ടനം ഹോട്സ്പര്‍). മികച്ച ആരാധകര്‍: ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ് ആരാധകര്‍. ഫെയര്‍ പ്ലേ: ഡെന്മാര്‍ക്കിന്റെ മെഡിക്കല്‍ ടീമും കളിക്കാരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.