2030 ആകുമ്പോള്‍ പ്രതിദിനം 5.50 ഡോളറില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നവരുടെ എണ്ണം 330 കോടിയായി ഉയരുമെന്ന് ഓക്സ്ഫാം പ്രവചിക്കുന്നു.
ലോകത്തിന് മുഴുവന്‍ ഭീഷണിയായി മാറിയ കോവിഡ് മഹാമാരി ദരിദ്രരെ പ്രതികൂലമായി ബാധിച്ചപ്പോള്‍ അതിസമ്പന്നരുടെ സമ്പത്ത് ഇരട്ടിയായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.
മഹാമാരിയുടെ തുടക്കം മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ 10 ധനികരുടെ ആഗോള സമ്പത്ത് ഇരട്ടിച്ച് 1.5 ട്രില്യണ്‍ ഡോളറായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓഹരികളിലും വസ്തു വകകളിലും ഉണ്ടായ കുതിച്ചു ചാട്ടമാണ് ഇവരുടെ ആസ്തിയുടെ മൂല്യം വര്‍ധിപ്പിച്ചതെന്നും ഇത് സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിപ്പിച്ചെന്നും ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട് പറയുന്നു.
കോവിഡ് കാലത്ത് ഉണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് മേല്‍ സ്വത്ത് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഒറ്റത്തവണയായി 99 ശതമാനം നികുതി ചുമത്താനാണ് ആവശ്യം. മഹാമാരി കാലത്ത് 16 കോടിയില്‍പ്പരം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. എന്നാല്‍ വൈറസ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതം നേരിടുന്നതിന് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലൂടെ സമ്പന്നര്‍ വീണ്ടും പണക്കാരായി മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2030 ആകുമ്പോഴേക്കും പ്രതിദിനം 5.50 ഡോളറില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നവരുടെ എണ്ണം 330 കോടിയായി ഉയരുമെന്നും ഓക്സ്ഫാം പ്രവചിക്കുന്നു. മഹാമാരി കാലത്ത് മാര്‍ച്ച് 2020 മുതല്‍ ഒക്ടോബര്‍ 2021 വരെ ലോക ജനസംഖ്യയുടെ 99 ശതമാനം ആളുകളുടെയും വരുമാനം കുറഞ്ഞു. ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ് ലയുടെ സ്ഥാപകനായ ഇലോണ്‍ മസ്‌കും മറ്റ് ഒമ്പത് സമ്പന്നരായ ശത കോടീശ്വരന്മാരുടെയും വരുമാനം പ്രതിദിനം 130 കോടി ഡോളറായാണ് വര്‍ധിച്ചത്.
ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച ശതകോടീശ്വരന്മാരുടെ പട്ടികയിലെ കണക്കുകള്‍ പ്രകാരം കോവിഡ് മഹാമാരിയുടെ ആദ്യ 20 മാസത്തിനുള്ളില്‍ ഇലോണ്‍ മാസ്‌കിന്റെ സമ്പത്ത് 10 മടങ്ങ് വര്‍ധിച്ച് 29,400 കോടി ഡോളറായി. ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികനുമായി.
വാള്‍സ്ട്രീറ്റില്‍ ടെക്നോളജി സ്റ്റോക്കുകള്‍ കുതിച്ചുയരുമ്പോള്‍ ബെസോസിന്റെ സമ്പത്ത് 67 ശതമാനം ഉയര്‍ന്ന് 20,300 കോടി ഡോളറായി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി ഇരട്ടിച്ച് 11,800 കോടി ഡോളറായി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ സമ്പത്ത് 31 ശതമാനം വര്‍ധിച്ച് 13,700 കോടി ഡോളറായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.