ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് മാറ്റുന്നു. പാരിസ്ഥിതികമായ കനത്ത വെല്ലുവിളികള്‍ നേരിടുന്ന നഗരത്തിന്റെ 95 ശതമാനവും 2050 ആകുമ്പോഴേക്കും കടലില്‍ മുങ്ങിപ്പോകുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് തലസ്ഥാനം കിഴക്കന്‍ കലിമന്ദാന്‍ പ്രവിശ്യയിലേക്ക് മാറ്റുന്നതിനുള്ള നീക്കമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരുന്നു. പുതിയ തലസ്ഥാന നഗരത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.
ജക്കാര്‍ത്തയില്‍ നിന്ന് ഏകദേശം 2,000 കിലോ മീറ്റര്‍ വടക്കു കിഴക്കാണ് പുതിയ തലസ്ഥാനം. ഈ നീക്കം കിഴക്കന്‍ കലിമന്ദാനിലെ മലിനീകരണം ത്വരിതപ്പെടുത്തുമെന്നും ഒറാങ്ങുട്ടാനുകള്‍, സൂര്യ കരടികള്‍, നീണ്ട മൂക്കുള്ള കുരങ്ങുകള്‍ എന്നിവയുടെ ആവാസ കേന്ദ്രമായ മഴക്കാടുകളുടെ നാശത്തിന് കാരണമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജക്കാര്‍ത്ത രാജ്യത്തിന്റെ വാണിജ്യ, സാമ്പത്തിക കേന്ദ്രമായി തുടരും.
സര്‍ക്കാര്‍ ഓഫീസുകള്‍ അനൗദ്യോഗികമായി കിഴക്കന്‍ കലിമന്ദാനിലേക്ക് പുനഃസ്ഥാപിച്ച് തുടങ്ങി. നിലവില്‍ പുതിയ തലസ്ഥാനത്തിന്റെ പേരുനിര്‍ണയിക്കുന്ന തിരക്കിലാണ് ഭരണകൂടം. 80 പേരുകളില്‍ നിന്ന് ഒടുവില്‍ നുസാന്തര എന്ന പേരാണ് പ്രസിഡന്റ് തിരഞ്ഞെടുത്തിരിക്കുന്നത്.'ആര്‍ക്കിപ്പെലാഗോ' (ദ്വീപസമൂഹം) എന്നാണ് നുസാന്തര എന്ന പദത്തിനര്‍ത്ഥം. പാര്‍ലമെന്റില്‍ തലസ്ഥാന മാറ്റ ബില്‍ പാസായാല്‍ നുസാന്തരയെ ഔദ്യോഗിക തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പുതിയ തലസ്ഥാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ജാവ ദ്വീപ് സമൂഹത്തില്‍ ഉള്‍പ്പെടുന്ന ജക്കാര്‍ത്തയിലായിരുന്നു സര്‍ക്കാരിന്റെ പ്രധാന ഓഫീസുകള്‍. 1527ല്‍ സ്ഥാപിക്കപ്പെട്ട പ്രധാന നഗരമാണിത്. ഏഷ്യയിലെ വലിയ നഗരങ്ങളിലൊന്നാണു ജക്കാര്‍ത്ത. ജാവന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രതിവര്‍ഷം 25 സെന്റിമീറ്റര്‍ വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍.കടല്‍ഭിത്തി ഉള്‍പ്പെടെ വടക്കന്‍ ജക്കാര്‍ത്തയുടെ പല ഭാഗങ്ങളും ഒരു വര്‍ഷത്തില്‍ ഏകദേശം 25 സെന്റീമീറ്റര്‍ നിരക്കില്‍ ഇടിഞ്ഞുതാഴുന്നുണ്ട്. അമിതമായ അളവില്‍ ഭൂഗര്‍ഭജലം ഖനനം ചെയ്തതും ഇതിന് കാരണമാകുന്നതായാണ് വിലയിരുത്തല്‍.
തലസ്ഥാന മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ 2019 മുതല്‍ സജീവമായിരുന്നു. എന്നാല്‍ കൊറോണ മഹാമാരിയുടെ വരവോടെ നടപടികള്‍ താമസിച്ചു. അതുകൊണ്ട് തന്നെ സ്ഥലം മാറ്റം പൂര്‍ത്തിയാകാന്‍ 2024 ആകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 10 ദശലക്ഷം ജനസംഖ്യയുള്ള ജക്കാര്‍ത്തയുടെ ഭാരം കുറയ്ക്കാന്‍ ഇതോടെ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. തിരക്കേറിയതും പതിവായി വെള്ളപ്പൊക്കം അനുഭവിക്കുന്നതുമായ നഗരമാണിത്.
പ്രസിഡന്റ് ജോക്കോ വിഡോഡോ പരിഗണിച്ചിരുന്ന 80-ലധികം പേരുകളില്‍ നിന്നാണ് 'നുസാന്തര' തിരഞ്ഞെടുത്തതെന്നും അത് ഇന്തോനേഷ്യയുടെ ഭൂമിശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നതും അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ ഉയര്‍ത്തുന്നതുമാണെന്ന് ദേശീയ വികസന ആസൂത്രണ മന്ത്രി സുഹാര്‍സോ മോണോര്‍ഫ പറഞ്ഞു. അതേസമയം, ദ്വീപസമൂഹത്തെ മൊത്തത്തില്‍ സൂചിപ്പിക്കാന്‍ ഈ പഴയ ജാവനീസ് പദമാണ് ഇപ്പോഴേ ഉപയോഗിക്കുന്നതെന്നതിനാല്‍ ആശയക്കുഴപ്പമുണ്ടാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.