പിടിവിട്ട് കോവിഡ് വ്യാപനം: ഇന്ന് 28,481 പുതിയ കേസുകള്‍, ടി.പി.ആര്‍ 35.27%; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

പിടിവിട്ട് കോവിഡ് വ്യാപനം:  ഇന്ന് 28,481 പുതിയ കേസുകള്‍, ടി.പി.ആര്‍ 35.27%; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സകല നിയന്ത്രണങ്ങളും മറികടന്ന് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 കോവിഡ് മരണങ്ങള്‍ കൂടാതെ സുപ്രീം കോടതി വിധി പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് ഇന്ന് 122 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.

സംസ്ഥാന തലത്തിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.27 ശതമാനമാണ്. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍  48 ശതമാനമാണ് ടി.പി.ആര്‍. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് ആവുകയാണ്. ആശുപത്രികളും കോളേജുകളും ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ 35 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. ഇതോടെ ജില്ലയിലെ പ്രധാന കോളജുകള്‍ എല്ലാം അടച്ചു. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഇന്നു ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന്റെ തീരുമാനം.

തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 215 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7303 പേര്‍ രോഗമുക്തി നേടി. 1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.