ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷികളായ വിശുദ്ധ മാരിയൂസും കുടുംബവും

ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷികളായ വിശുദ്ധ മാരിയൂസും കുടുംബവും

അനുദിന വിശുദ്ധര്‍ - ജനുവരി 19

പേര്‍ഷ്യാക്കാരനായ മാരിയൂസ് ധനികനും കുലീന കുടുംബാംഗവുമായിരുന്നു. ക്രിസ്തുവിനെ അറിഞ്ഞ ശേഷം തങ്ങളുടെ സ്വത്തുവകകള്‍ ദരിദ്രര്‍ക്ക് ദാനം ചെയ്ത് വിശുദ്ധ മാരിയൂസ്, ഭാര്യ വിശുദ്ധ മാര്‍ത്ത, മക്കളായ ഓഡിഫാക്‌സ്, അബാചൂസ് എന്നിവര്‍ രക്തസാക്ഷികളുടെ കബറിടങ്ങള്‍ വണങ്ങുന്നതിനായി റോമിലെത്തി. അവര്‍ തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുകയും തങ്ങളുടെ വാക്കുകളാലും പ്രവര്‍ത്തനങ്ങളാലും അവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്തു.

ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി (268-270) ഇതറിയുകയും വൈകാതെ അവരെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് വിജാതീയരുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് നിരവധി ഭീഷണികളും പ്രലോഭനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ വിശ്വാസത്തില്‍ അവര്‍ ഉറച്ച് നിന്നു. ഇതുമൂലം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു.

വിശുദ്ധ മാര്‍ത്തയാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്. എന്തൊക്കെ പീഡനങ്ങളും സഹനങ്ങളും നേരിടേണ്ടി വന്നാലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കരുതെന്ന് തന്റെ ഭര്‍ത്താവിനേയും മക്കളെയും ശക്തമായി ഉപദേശിച്ചിട്ടാണ് വിശുദ്ധ മരണത്തിന് കീഴടങ്ങിയത്.

ഏറെ വൈകാതെ അതേ സ്ഥലത്ത് വെച്ച് അവരെല്ലാവരും തന്നെ കഴുത്തറത്ത് കൊല ചെയ്യപ്പെടുകയും മൃതദേഹങ്ങള്‍ തീയിലെറിയപ്പെടുകയും ചെയ്തു. ഫെലിസിറ്റാസ് എന്ന് പേരായ മറ്റൊരു വിശുദ്ധ അവരുടെ പകുതി കരിഞ്ഞ ശവശരീരങ്ങള്‍ വീണ്ടെടുക്കുകയും തന്റെ പറമ്പില്‍ സംസ്‌കരിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടു വരെ ഈ വിശുദ്ധരുടെ മധ്യസ്ഥതിരുനാള്‍ റോമന്‍ ദിനസൂചികയില്‍ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. പിന്നീടാണ് ഇനുവരി 19 ഈ വിശുദ്ധരുടെ മധ്യസ്ഥ തിരുനാളായി റോമന്‍ കലണ്ടറില്‍ ചേര്‍ക്കപ്പെട്ടത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വിവിയേഴ്‌സിലെ ബിഷപ്പായ ആര്‍കോന്തിയൂസ്

2. സിസിലിയക്കാരനായ ലോഡി ബിഷപ്പ് ബാസിയര്‍

3. കോണ്‍സ്റ്റാന്റിനോപ്പിളിലെ കോര്‍ഫൂ ബിഷപ്പായ ആര്‍സീനിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26