ന്യുഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണു ശേഷം വിരമിക്കുമെന്ന് സാനിയ അറിയിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ പുറത്തായതിനു പിന്നാലെയാണ് താരം വിരമിക്കല്‍ വാര്‍ത്ത അറിയിച്ചത്. 35കാരിയായ താരം മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരമാണ്.
'ചില കാര്യങ്ങള്‍ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാല്‍ മൂന്ന് വയസുകാരനായ മകനെ ശ്രദ്ധിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാല്‍മുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊര്‍ജം ഇപ്പോള്‍ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.'- വിരമിക്കലിനെക്കുറിച്ച് സാനിയയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
നിലവില്‍ ലോക റാങ്കിംഗില്‍ 68ാമതുള്ള സാനിയയുടെ കരിയര്‍ ബെസ്റ്റ് സിംഗിള്‍സ് റാങ്കിംഗ് 27 ആണ്. ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ. ആറ് ഗ്രാന്‍ഡ് സ്ലാമുകള്‍ താരം നേറ്റിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംഗ്, കോമണ്‍വെല്‍ത്ത് മെഡലുകളും വിജയിച്ച സാനിയ 2016ലാണ് അവസാനമായി ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്. മാര്‍ട്ടിന ഹിംഗിസുമായിച്ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആണ് സാനിയ സ്വന്തമാക്കിയത്.
പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. 2018ല്‍ ഗര്‍ഭിണി ആയതിനു ശേഷം ബ്രേക്കെടുത്ത സാനിയ 2020ല്‍ തിരികെ വന്നു. 2021ലാണ് സാനിയ തന്റെ അവസാന കിരീടം നേടുന്നത്. ഒസ്ട്രാവ ഓപ്പണ്‍ ഡബിള്‍സില്‍ ഷുയ് ഷാങുമായിച്ചേര്‍ന്ന് തന്റെ 43ാം ഡബിള്‍സ് കിരീടമാണ് സാനിയ നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.