മുംബൈ: രാഷ്ട്രപതി തള്ളിയ ദയാ ഹര്‍ജിയില്‍ തുടര്‍ തീരുമാനമെടുക്കുന്നതില്‍ വന്ന അകാരണമായ കാലതാമസം പരിഗണിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് ബോംബെ ഹൈക്കോടതി. 1990 കളുടെ അവസാനം ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഷിന്‍ഡെ ഗാവിറ്റ് കേസിലെ പ്രതികളായ രേണുക, സീമ എന്നിവരുടെ ശിക്ഷയാണ് ജീവപര്യന്തമാക്കിയത്. 
രാഷ്ട്രപതി തള്ളിയ പ്രതികളുടെ ദയാ ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ വരുത്തിയ അകാരണമായ കാലതാമസം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ 25 വര്‍ഷമായി ജയിലില്‍ തുടരുകയാണെന്നും തങ്ങളെ വെറുതെ വിടണമെന്നുമുള്ള പ്രതികളുടെ ആവശ്യം  തള്ളിയ കോടതി ജീവിതാവസാനം വരെ ജയില്‍ വാസം വിധിച്ചു.
മഹാരാഷ്ട്രയിലെ നാസിക് സ്വദേശിനിയായ അഞ്ജനാ ബായി, മക്കളായ സീമാ ഗാവിറ്റ്, രേണുകാ ഷിന്‍ഡെ എന്നിവരാണ് കേസിലെ പ്രതികള്‍. അഞ്ജനയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് രേണുക. രണ്ടാം ഭര്‍ത്താവ് മോഹന്‍ ഗാവിറ്റിലുള്ള മകളാണ് സീമ.
മോഹനുമായുള്ള വിവാഹത്തിന് മുമ്പ് മോഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ അഞ്ജന ഏര്‍പ്പെട്ടിരുന്നു. വിവാഹ ശേഷവും ഇതില്‍ നിന്ന് അഞ്ജന പിന്തിരിയുന്നില്ലെന്ന് കണ്ടതോടെ മോഹന്‍ ഇവരെയും മക്കളേയും ഉപേക്ഷിച്ച് പോയി. തുടര്‍ന്ന് ഇയാള്‍ പ്രതിഭ എന്ന നാസിക് സ്വദേശിനിയെ വിവാഹം കഴിച്ചു.
പെണ്‍മക്കളുമായി മോഷണങ്ങള്‍ തുടര്‍ന്ന അഞ്ജനയ്ക്ക് മോഹനോട് കടുത്ത വിരോധമുണ്ടായിരുന്നു. തുടര്‍ന്ന് മോഹന്‍ പ്രതിഭ ദമ്പതികളുടെ മൂത്തമകളെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. മൂവരിലും സംശയം തോന്നിയതോടെ ദമ്പതികള്‍ പൊലീസിനെ സമീപിച്ചു.
വൈകാതെ മോഹന്റെ ഇളയ മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ 1996 നവംബറില്‍ പൊലീസ് ഇവരെ പിടികൂടി. മൂത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും അഞ്ജനയുടെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നും രേണുക പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടാവുകയായിരുന്നു.
മൂവരും ചേര്‍ന്ന് പലയിടങ്ങളില്‍ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നതായി പൊലീസ് കണ്ടെത്തി. ആദ്യം കുട്ടികളെ തങ്ങളുടെ മോഷണ പരമ്പരകള്‍ക്ക് മറയാക്കി. വൈകാതെ എതിര്‍ത്ത് കരയുന്ന കുഞ്ഞുങ്ങളെ ഇവര്‍ കൊല്ലാനും തുടങ്ങി. മൂവരും ഒറ്റക്കെട്ടായാണ് കൊലപാതകങ്ങള്‍ നടത്തിയതെങ്കിലും എല്ലാത്തിന്റെയും ബുദ്ധി കേന്ദ്രം അഞ്ജനയായിരുന്നു. 
പതിമൂന്ന് കുട്ടികളെ ഇവര്‍ തട്ടിക്കൊണ്ടു പോയെന്നും ഒമ്പതു പേരെ കൊന്നതായും പൊലീസ് പറയുന്നു. എന്നാല്‍ അഞ്ച് കൊലപാതകങ്ങള്‍ മാത്രമേ തെളിഞ്ഞിട്ടുള്ളു. 1997 ല്‍ ജയിലില്‍ വച്ച് അഞ്ജന അസുഖബാധിതയായി മരിച്ചു.
2006 ല്‍ സുപ്രീം കോടതി സഹോദരിമാരുടെ വധശിക്ഷ ശരിവയ്ക്കുകയും 2014 ല്‍ ഇരുവരുടെയും ദയാഹര്‍ജി പ്രസിഡന്റ് പ്രണബ് മുഖര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇതോടെ സ്വതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റാന്‍ പോകുന്ന സ്ത്രീകള്‍ എന്ന നിലയില്‍ ഇരുവരും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.