കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. കെ റെയില്‍ പദ്ധതിക്കുള്ള ഡിപിആര്‍ തയാറാക്കുന്നതിനു മുന്‍പ് എങ്ങനെ പ്രിലിമിനറി സര്‍വെ നടത്തി എന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ചോദ്യം. ഡിപിആര്‍ വിഷയത്തില്‍ വിശദമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴിലേയ്ക്കു മാറ്റി.
വിശദ പദ്ധതി രേഖ എങ്ങനെ തയ്യാറാക്കി? എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തുന്നതെന്നും കോടതി സര്‍ക്കാരിനോടു ചോദിച്ചു. കൂടാതെ എന്തു സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്? ഏരിയല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് ഡിപിആര്‍ തയാറാക്കാനാകുക? നേരിട്ടു സര്‍വേ പൂര്‍ത്തിയാക്കാതെ 955 ഹെക്ടര്‍ ഏറ്റെടുക്കാന്‍ എങ്ങനെയാണ് ഉത്തരവിറക്കാന്‍ സാധിക്കുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
അതേസമയം മറുപടി നല്‍കാന്‍ സാവകാശം വേണമെന്നു സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയതായും അറിയിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ പദ്ധതിക്കു തിരിച്ചടിയാകുന്നുണ്ടെന്നും ഇതിനകം 200ല്‍ അധികം സര്‍വ്വെകല്ലുകള്‍ പിഴുതെറിയപ്പെട്ടിട്ടെന്നും കെ റെയില്‍ കോടതിയെ അറിയിച്ചു.
ഡിപിആര്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന നിലപാടാണ് ഇന്നു ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്വീകരിച്ചത്. ഡിപിആര്‍ പരിശോധിച്ചു മാത്രമേ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാകൂ. നീതി ആയോഗ് ഉള്‍പ്പടെയുള്ള ഏജന്‍സികളുമായി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അനുമതി നല്‍കുക എന്നും കേന്ദ്രം വ്യക്തമാക്കി.
ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വ്വേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് തടഞ്ഞിട്ടുള്ളത്. കെ റെയില്‍ എന്നു രേഖപ്പെടുത്തിയിട്ടുള്ള വലിയ കല്ലുകള്‍ സ്ഥാപിക്കുന്നതിനു കോടതി നേരത്തെ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കേണ്ടതെന്നാടിരുന്നു ഈ വിഷയത്തില്‍ ഹൈക്കോടതി നേരത്തെ സ്വീകരിച്ച നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.