സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍: രാത്രികാല നിയന്ത്രണം ഇപ്പോഴില്ല

സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍:  രാത്രികാല നിയന്ത്രണം ഇപ്പോഴില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അടുത്ത രണ്ടു ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും.

ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ആരോഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലകളില്‍ രോഗികളുടെ എണ്ണം നോക്കി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ പല സോണുകളായി സോണുകളായി തിരിച്ചിട്ടുണ്ട്. സമ്പൂര്‍ണ ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും ഉണ്ടാകില്ല.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി ചുരുക്കി. ജില്ലകളെ രണ്ട് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായി. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ എല്ലാ പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ആരാധനാ ചടങ്ങുകള്‍ അടക്കം ഓണ്‍ലൈനായി മാത്രമാകും നടത്തുക. തീവ്രവ്യാപനമുള്ള സ്ഥലങ്ങളില്‍ പൊതുപരിപാടികള്‍ പാടില്ല.

നിയന്ത്രണങ്ങളുടെ ഭാഗമായി എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെ 'എ' കാറ്റഗറിയില്‍പ്പെടുത്തും. പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി പരിമിതപ്പെടുത്തും. മാളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവിടങ്ങളില്‍ മാനേജ്മെന്റുകള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണം.

അതേസമയം കേരളത്തിലെ ആശുപത്രികളില്‍ ഡിസ്ചാര്‍ജ് പോളിസി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാര്‍ജ് പോളിസി പുതുക്കിയത്.

നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ആശുപത്രി വിടുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗ ലക്ഷണങ്ങളുള്ള രോഗികള്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയുക. അതോടൊപ്പം മൂന്ന് ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.