കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ രാവിലെ 10.15 ന് കോടതി നേരിട്ട് വിശദമായ വാദം കേള്‍ക്കും. ഇതിനായി അവധി ദിനമായ നാളെ കോടതി പ്രത്യേക സിറ്റിങ് നടത്തും.
ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കൂടി പരിശോധിച്ച ശേഷമാകും ഹൈക്കോടതി തീരുമാനം എടുക്കുക.
അതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കൂടുതല്‍ ഗുരുതരമായ വകുപ്പ് കൂടി ചേര്‍ത്തു. കേസില്‍ 302 ഐപിസി (കൊലപാതകശ്രമം) പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി 120-ബി(1) ഐപിസി പ്രകാരമുള്ള ഗൂഢാലോചന നടന്നതായി കാണുന്നു.
അതിനാല്‍ 120-ബി (1)ഐപിസിയോടൊപ്പം 302 ഐപിസി (120 ബി ഓഫ് 302 ഐപിസി) എന്ന് മാറ്റം വരുത്തി പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി വരുന്നെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നിര്‍ണായകമാകും
ദിലീപ്, സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.