കുതിരാന്‍ തുരങ്കത്തിലെ 104 ലൈറ്റുകളും കാമറകളും തകര്‍ത്തത് ടിപ്പര്‍ ലോറി; പത്തു ലക്ഷം രൂപയുടെ നഷ്ടം

കുതിരാന്‍ തുരങ്കത്തിലെ 104 ലൈറ്റുകളും കാമറകളും തകര്‍ത്തത് ടിപ്പര്‍ ലോറി; പത്തു ലക്ഷം രൂപയുടെ നഷ്ടം

തൃശൂര്‍: ദേശീയ പാതയില്‍ കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും സിസി ടിവി കാമറകളും തകര്‍ത്ത് ടിപ്പര്‍ ലോറിയുടെ പാച്ചില്‍. തുരങ്കത്തിനുള്ളിലൂടെ ടിപ്പര്‍ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച് ഓടിച്ചതിനെ തുടര്‍ന്നാണ് 104 ലൈറ്റുകളും കാമറകളും പൂര്‍ണമായും തകര്‍ന്നത്.

പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിറുത്താതെ ഓടിച്ചുപോയ ലോറി കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈറ്റുകള്‍ പൊട്ടിവീണത് അറിഞ്ഞ് വണ്ടി നിര്‍ത്തി പിന്‍ഭാഗം താഴ്ത്തിയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ യാത്ര തുടര്‍ന്നത്.

സിസിടിവി ദൃശ്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ വണ്ടിയുടെ നമ്പര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറ്റു ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കുതിരാനിലെ ഒന്നാം തുരങ്കം ഗതാഗതത്തിനായി തുറന്നത്. വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയില്‍ പാലക്കാടു ഭാഗത്തു നിന്നു തൃശൂരിലേക്കുള്ള തുരങ്കമാണിത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ശീതസമരത്തെ തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ തുരങ്കം തുറക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.

കുതിരാനിലെ രണ്ടാം തുരങ്കവും ഇന്നലെ ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. അപ്രോച്ച് റോഡ് ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണത്തിന്റെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് രണ്ടാം ടണല്‍ ഭാഗികമായി തുറന്നത്. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ ഇതിലൂടെ പോകും. നേരത്തെ ഒന്നാം ടണലിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12.35ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് രണ്ടാം ടണല്‍ തുറന്നത്. രണ്ടു മാസം കൊണ്ട് അപ്രോച്ച് റോഡ് അടക്കമുള്ള അനുബന്ധ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍ണ സജ്ജമാക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.