നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന മാധ്യമ, സാംസ്‌കാരിക ഇടപെടലുകള്‍ പ്രതിഷേധാര്‍ഹം: കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന മാധ്യമ, സാംസ്‌കാരിക ഇടപെടലുകള്‍ പ്രതിഷേധാര്‍ഹം: കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍

കൊച്ചി: കത്തോലിക്കാ സഭയെക്കുറിച്ചും സഭ അനുശാസിക്കുന്ന ജീവിത ക്രമങ്ങളെക്കുറിച്ചും സന്ന്യാസ സമര്‍പ്പണ ജീവിതത്തെക്കുറിച്ചും വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ രീതിയില്‍ സംഘടിതമായ പ്രചാരണങ്ങള്‍ നടക്കുന്നതിന് പിന്നില്‍ രാഷ്ട്രീയവും മതപരവുമായ നിക്ഷിപ്ത താല്‍പര്യക്കാരാണുള്ളതെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍.

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് അടുത്ത കാലങ്ങളിലായി ഉയര്‍ന്നുവന്ന എല്ലാ വിഷയങ്ങളിലും ഇത്തരക്കാരുടെ അധാര്‍മികവും നിയമ വിരുദ്ധവുമായ ഇടപെടല്‍ സംശയിക്കാവുന്നതാണ്. നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെയും ചില സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരെയും സ്വാധീനിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗിച്ചും കത്തോലിക്ക സഭാ വിരുദ്ധ പൊതുവികാരം സൃഷ്ടിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം.

ഇതിനായി രാജ്യത്തിലെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്‌കാരിക ഇടപെടലുകള്‍ തുറന്നു കാണിക്കപ്പെടേണ്ടതും നിയമ നടപടികള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്.

വിവിധ രീതികളില്‍ കേരള സമൂഹത്തിന്റെ സൈ്വര്യ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരും സമസ്ത മേഖലകളിലും ദുഷ്ടലാക്കോടെ ഇടപെട്ട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നവരുമായ ചിലരുടെ കരങ്ങള്‍ ഇത്തരം സംഭവ വികാസങ്ങള്‍ക്ക് പിന്നിലുണ്ടെന്നുള്ളതിന് സൂചനകളുണ്ടെന്നും ഐക്യജാഗ്രതാ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വര്‍ഗീയ ധ്രുവീകരണത്തിനും മത സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കി കേരളത്തെ കലാപ ഭൂമിയാക്കാനും മയക്കു മരുന്ന്, സ്വര്‍ണ കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകര്‍ക്കാനും ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്.

മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകളിലെ സുപ്രധാന നിയമനങ്ങള്‍ പോലും നിയമ വിരുദ്ധമായി കൈപ്പിടിയിലാക്കി ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇത്തരക്കാരുടെ ഗൂഢ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ സര്‍ക്കാരും ക്രമസമാധാന, നീതി ന്യായ വകുപ്പുകളും ആത്മാര്‍ത്ഥമായി ഇടപെടേണ്ടിയിരിക്കുന്നു.

രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച് കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണം എന്ന നിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്.

നിയമത്തിന്റെ വഴിയില്‍നിന്ന് വ്യതിചലിച്ച് ആള്‍കൂട്ടത്തെ ഇളക്കി വിട്ടുള്ള മാധ്യമ വിചാരണയും സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വിധി തീര്‍പ്പുകളും കോടതിയെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്റെ ലക്ഷണങ്ങളാണ്.

നിയമം അനുശാസിക്കുന്ന രീതിയില്‍ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടു പോകുവാന്‍ ആര്‍ക്കും സാധ്യമായ ഈ രാജ്യത്ത് കോടതി വിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ടെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.