ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ക്രൂര പീഡനങ്ങളില്‍ രക്തസാക്ഷിയായ വിശുദ്ധ വിന്‍സെന്റ്

ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ക്രൂര പീഡനങ്ങളില്‍ രക്തസാക്ഷിയായ വിശുദ്ധ വിന്‍സെന്റ്

അനുദിന വിശുദ്ധര്‍ - ജനുവരി 22

യോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് രക്തസാക്ഷിത്വം ചൂടിയ വിശുദ്ധ വിന്‍സെന്റ് സ്‌പെയിനിലെ സറഗോസയിലാണ് ജനിച്ചത്. യൂത്തിസിയൂസ്-എനോല ദമ്പതിമാരായിരുന്നു മാതാപിതാക്കള്‍. മെത്രാനായിരുന്ന വലേരിയൂസിന്റെ കീഴില്‍ അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടി.

ഇതിനിടെ അവിടുത്തെ ഗവര്‍ണര്‍ ആയിരുന്ന ഡാസിയാന്റെ ഉത്തരവ് പ്രകാരം വിന്‍സെന്റിനെയും അദ്ദേഹത്തിന്റെ മെത്രാനെയും ബന്ധനസ്ഥരാക്കി കുറെ കാലത്തേക്ക് തടവില്‍ പാര്‍പ്പിച്ചു. കൊടും ക്രൂരതകള്‍ അവര്‍ക്കെതിരെ ഉണ്ടായി. ബിഷപ്പിനെ ഗവര്‍ണര്‍ നാടുകടത്തി. എന്നാല്‍ ചമ്മട്ടി ഉള്‍പ്പെടെയുള്ള മാരകമായ മര്‍ദ്ദന ഉപകരണങ്ങള്‍ കൊണ്ടുള്ള പലവിധ മര്‍ദ്ദനങ്ങള്‍ക്കും വിന്‍സെന്റ് വിധേയനായി. അതിനു ശേഷം കൂര്‍ത്ത ഇരുമ്പ് കഷണങ്ങള്‍ വിതറിയ അറയില്‍ അദ്ദേഹത്തെ വീണ്ടും തടവിലാക്കി.

ഇരുമ്പു കൊളുത്തുകള്‍ കൊണ്ട് ശരീരം വലിച്ചു കീറുകയും മുറിവില്‍ ഉപ്പും മുളകും തേയ്ക്കുകയും ചെയ്തു. പിന്നീട് പഴുത്ത ഇരുമ്പു കസേരയില്‍ ഇരുത്തി പൊള്ളിച്ചു. ഇത്തരത്തിലുള്ള ക്രൂര മര്‍ദ്ദനമുറകള്‍ തുടര്‍ന്നത് വിന്‍സെന്റിന്റെ ജീവനെടുത്തു. വിശുദ്ധന്റെ മൃതദേഹം ആദ്യം കഴുകന്‍മാര്‍ക്ക് ഭക്ഷണമാകുവാന്‍ എറിഞ്ഞുകൊടുക്കുകയും പിന്നീട് കടലില്‍ എറിയുകയും ചെയ്തു. എന്നാല്‍ മൃതദേഹം തീരത്തടിയുകയും ഭക്തയായ ഒരു വിധവ അത് സംസ്‌കരിക്കുകയും ചെയ്തു.

1175 ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ലിസ്ബണില്‍ കൊണ്ടുവന്നുവെന്ന് പറയപ്പെടുന്നു. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, തിരുശേഷിപ്പ് കാസ്‌ട്രെസിലേക്ക് കൊണ്ടുവന്നു എന്നാണ് പറയുന്നത്. ക്രെമോണ, ബാരി എന്നിവിടങ്ങളിലും വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഉള്ളതായി അവകാശപ്പെടുന്നു.

ചില്‍ഡെറിക് ഒന്നാമന്‍ വിശുദ്ധ വിന്‍സെന്റിന്റെ പാദരക്ഷയുടെ അടിഭാഗവും വസ്ത്രഭാഗവും 542 ല്‍ പാരീസിലേക്ക് കൊണ്ട് വരികയും വിശുദ്ധന്റെ ആദരണാര്‍ത്ഥം പില്‍ക്കാലത്ത് വിശുദ്ധ ജെര്‍മൈന്‍ ഡെസ് പ്രിസ് എന്നറിയപ്പെട്ട ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. 455 മുതല്‍ വിശുദ്ധന്റെ ഒരു ദേവാലയം ബെസിയേഴ്‌സിനു സമീപമുള്ള റെജിമോണ്ടില്‍ ഉണ്ടായിരുന്നു. റോമില്‍ മൂന്ന് ദേവാലയങ്ങള്‍ ഈ വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ഡാല്‍മാഷിയായിലുള്ള സലോണയിലെ ബസലിക്കയില്‍ നിന്നും കണ്ടെത്തിയ ഒരു പൗരാണിക സ്തംഭത്തില്‍ വിശുദ്ധന്റെ സ്തുതികള്‍ കൊത്തിവെച്ചിട്ടുണ്ട്. സ്‌പെയിനിലെ രക്തസാക്ഷികളില്‍ ഏറ്റവും പ്രസിദ്ധനായ ഈ വിശുദ്ധന്‍ ശെമ്മാച്ചന്‍മാരുടെ ഒരു പ്രതിനിധിയാണ്. ഇഷ്ടിക നിര്‍മ്മാണക്കാര്‍, നാവികര്‍ തുടങ്ങിയവരും വിശുദ്ധ വിന്‍സെന്റിന്റെ നാമം വിളിച്ചപേക്ഷിക്കാറുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. എട്രൂരിയായില്‍ സോറായിലെ ഡൊമിനിക്ക്

2. ഇറ്റലിയില്‍ നൊവാരയിലെ ഗൗഡെന്‍സിയൂസ്

3. ജെറോണയില്‍ രക്തസാക്ഷിത്വം വഹിച്ച വിന്‍സെന്റ്, ഓറോണ്ടിയൂസ്, വിക്ടര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26