വീട്ടില്‍ മധ്യവയസ്‌കന്റെ മൃതദേഹത്തിനു ചുറ്റും ഇഴഞ്ഞുനീങ്ങി 125ല്‍ അധികം പാമ്പുകള്‍; ഞെട്ടി പോലീസ്

വീട്ടില്‍ മധ്യവയസ്‌കന്റെ മൃതദേഹത്തിനു ചുറ്റും ഇഴഞ്ഞുനീങ്ങി 125ല്‍ അധികം പാമ്പുകള്‍; ഞെട്ടി പോലീസ്

മേരിലാന്‍ഡ്: യു.എസിലെ മേരിലാന്‍ഡില്‍ 49 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം 125-ലധികം പാമ്പുകളെയും കണ്ടെത്തി. മേരിലാന്‍ഡിലെ ചാള്‍സ്‌കൗണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഡേവിഡ് റിസ്റ്റണ്‍ എന്നയാളിനെയാണ് പാമ്പുകള്‍ക്കൊപ്പം ബുധനാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡേവിഡിനെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയെന്ന വിവരം പോലീസിനെ അറിയിച്ചത് അയല്‍ക്കാരാണ്. ഇയാളെ വീടിന് പുറത്തേക്കു കാണാത്തതിനാല്‍ അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. ഈ സമയത്താണ് തറയില്‍ കിടക്കുന്ന നിലയില്‍ ഡേവിഡിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍ക്കാരന്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹത്തിന് സമീപം നിരവധി പാമ്പുകളെ കണ്ടത്.


പാമ്പുകളെ കണ്ടെത്തിയ വീട്

വിഷമേറിയ മൂര്‍ഖന്‍ പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും അടക്കം നൂറിലേറെ പാമ്പുകളാണ് വീട്ടില്‍ ഇഴഞ്ഞുനീങ്ങിയിരുന്നത്. ഇതില്‍ 14 അടി നീളമുള്ള ബര്‍മീസ് പാമ്പും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവയെ രഹസ്യമായി വളര്‍ത്തിയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. 49-കാരന്റെ മരണത്തില്‍ മറ്റു ദുരൂഹതകളില്ലെന്നും പാമ്പ് കടിച്ചല്ല മരണം സംഭവിച്ചതെന്നും പോലീസ് പറയുന്നു.

ഡേവിഡ് ഇത്രയധികം പാമ്പുകളെ വീട്ടില്‍ വളര്‍ത്തിയിരുന്ന വിവരം അയല്‍ക്കാരോ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ല. പാമ്പുകളെയെല്ലാം ഡേവിഡ് സുരക്ഷിതമായാണ് വീട്ടില്‍ കൈകാര്യം ചെയ്തിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡേവിഡിന്റെ മകളെത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. ഡേവിഡിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം പാമ്പുകളെക്കുറിച്ചുള്ള വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പ്രൊഫൈല്‍ ചിത്രവും പാമ്പിന്റേതാണ്.

മുഴുവന്‍ പാമ്പുകളെയും സംഭവ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റിയെന്ന് ചാള്‍സ് കൗണ്ടിയിലെ മൃഗ സംരക്ഷണ വിഭാഗം വക്താവ് ജെന്നിഫര്‍ ഹാരിസ് പറഞ്ഞു. 125 എണ്ണത്തില്‍ ഒരു പാമ്പുപോലും രക്ഷപ്പെട്ടിട്ടില്ലെന്നും സമീപവാസികള്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ അറിയിച്ചു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.