ബെംഗളൂരു: നാനോ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ബെംഗളൂരുവിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഐ.എസ്.ആര്‍.ഒയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. ഉപഗ്രഹം തയ്യാറാക്കുന്നതിനും വിക്ഷേപിക്കുന്നതിനുമായി 1.9 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്താനും സാങ്കേതികവിഷയങ്ങളിലുള്ള ബോധവത്കരണവുമാണ് പദ്ധതിയുടെ ലക്ഷ്യം.
മല്ലേശ്വരം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കര്‍ണാടക സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ പ്രൊമോഷന്‍ സൊസൈറ്റി (കെ.എസ്.ടി.ഇ.പി.എസ്.) വഴിയാണ് പദ്ധതി നടപ്പാക്കുക. ഐ.എസ്.ആര്‍.ഒ.യ്ക്ക് പുറമേ ഇന്ത്യന്‍ ടെക്നോളജി കോണ്‍ഗ്രസ് അസോസിയേഷന്റെ (ഐ.ടി.സി.എ.) സഹകരണവുമുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് ഐ.ടി.സി.എ.യുമായി കെ.എസ്.ടി.ഇ.പി.എസ്. ഉടന്‍ കരാറിലേര്‍പ്പെടുമെന്ന് ഐ.ടി. വകുപ്പുമന്ത്രി അശ്വത് നാരായണ്‍ അറിയിച്ചു.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ 75 നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ദേശീയ തലത്തില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണിതെന്നും അശ്വത് നാരായണ്‍ അറിയിച്ചു.
ഉപഗ്രഹ വിക്ഷേപണത്തിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധ സമിതിക്ക് രൂപം നല്‍കും. 12 മാസംകൊണ്ട് ഉപഗ്രഹം വിക്ഷേപണത്തിന് സജ്ജമാക്കാനാണ് ലക്ഷ്യം. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന്റെ അംഗീകാരത്തോടെയായിരിക്കും വിക്ഷേപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.