പനാജി: കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്ഥാനാര്‍ഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്. ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്‌കുകളിലും എത്തിച്ചായിരുന്നു സ്ഥാനാര്‍ത്ഥികളെക്കൊണ്ട് കോണ്‍ഗ്രസ് സത്യപ്രതിജ്ഞ ചെയ്യിച്ചത്.
ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോടുള്ള അവിശ്വാസം നീക്കാന്‍ വേണ്ടിയാണ് നടപടി എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. 2017 ല്‍ സംഭവിച്ചതുപോലെയുള്ള കൂറുമാറ്റം ഇത്തവണ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം. ഫെബ്രുവരി 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
2017 ലെ നിയമഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിയുടെ കൂറുമാറ്റ തന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ മറുകണ്ടം ചാടുകയുണ്ടായി. 17 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ട് പേര്‍ മാത്രമാണുള്ളത്.
കോണ്‍ഗ്രസിന്റെ ഗോവയിലെ 36 സ്ഥാനാര്‍ത്ഥികളാണ് ക്ഷേത്രത്തിലും ക്രിസ്തീയ, മുസ്ലീം പള്ളികളിലുമായി കൂറുമാറില്ലെന്നും പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തുമെന്നും സത്യം ചെയ്തത്. മത്സരത്തില്‍ ജയിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ചിരിക്കുന്നത്.
'ഞങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം തന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു... എന്ത് സാഹചര്യമുണ്ടായാലും തെരഞ്ഞെടുക്കപ്പെട്ടവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു'... ഗോവയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. സമാനമായ പ്രതിജ്ഞ തന്നെ ബാംബോളിം ക്രോസ് ദേവാലയത്തിലും ബെറ്റിം പള്ളിയിലും നടന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, എഐസിസി ഗോവ ഡെസ്‌ക് ഇന്‍ ചാര്‍ജ് ദിനേഷ് ഗുണ്ഡു റാവു, ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരിഷ് ചൊദന്‍കര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എത്തിയിരുന്നു.
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 40 ല്‍ 24 എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂലമായി കൂറുമാറുകയുണ്ടായി. തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാരായ വിശ്വജിത്ത് റാണെ, സുഭാഷ് ഷിരോദ്കര്‍, ദയാനന്ദ് സോപ്തെ എന്നിവരെ 24 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് വീണ്ടും മത്സരിച്ച് ജയിച്ച് എംഎല്‍എമാരായിരുന്നു.
2019 ല്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി കൂട്ടത്തോടെ ബിജെപിയിലെത്തി. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നു ചന്ദ്രകാന്ത് കവേല്‍കര്‍ ഉള്‍പ്പടെയാണ് മറുകണ്ടം ചാടിയത്. 2019 ല്‍ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്ന് പനജയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് അറ്റനാസിയോ മോണ്‍സെറേറ്റും ബിജെപിയിലെത്തി.
ഇതേ കാലയളവില്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും ബിജെപിയിലെത്തി. ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടിയുടെ സാലിഗോയും ബിജെപിയിലേക്ക് മാറി. അടുത്തിടെയായി ഗോവ മുന്‍ മുഖ്യമന്ത്രി രവി നായിക്കും പോണ്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിയില്‍ എത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.