വിസിറ്റേഷന്‍ സഭയുടെ സഹ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്

വിസിറ്റേഷന്‍ സഭയുടെ സഹ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്

അനുദിന വിശുദ്ധര്‍ - ജനുവരി 24

ഫ്രാന്‍സിലെ തോറെണ്‍സ് എന്ന സ്ഥലത്ത് 1566 ഓഗസ്റ്റ് 21 നാണ് ഫ്രാന്‍സിസ് ഡി സാലെസ് ജനിച്ചത്. പാരീസിലും പാദുവായിലും വിദ്യാഭ്യാസം നടത്തിയ ശേഷം 1593 ല്‍ ഫ്രാന്‍സിസ് വൈദിക പട്ടം സ്വീകരിച്ചു.

ഒരു കാല്‍വനിസ്റ്റ് ഇടവകയിലാണ് അദ്ദേഹം ശുശ്രൂഷ ആരംഭിച്ചത്. ജീവിതകാലം മുഴുവന്‍ വിശുദ്ധി പ്രസംഗിച്ച് വിശുദ്ധനായി ജീവിച്ച അദ്ദേഹം എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി. തന്റെ ശ്രമഫലമായി ഏതാണ്ട് 72,000 ത്തോളം കാല്‍വിനിസ്റ്റുകളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടു വരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

സാവോയിലെ പ്രഭു തന്റെ സമീപത്തെ സഭയുടെ സമുദ്ധാരണം ആഗ്രഹിച്ചപ്പോള്‍ ഫാദര്‍ ഫ്രാന്‍സിസ് ആ ജോലി ഏറ്റെടുത്തു. തന്റെ ബൈബിളും പ്രാര്‍ത്ഥനാ പുസ്തകവുമായി കാല്‍നടയായിട്ടാണ് അദ്ദേഹം സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ കസിന്‍ ലൂയി സാലെസ് സന്തത സഹചാരിയായിരുന്നു. 1602 ല്‍ മാര്‍പ്പാപ്പാ ഫ്രാന്‍സിസിനെ ജനീവായിലെ ബിഷപ്പായി നിയമിച്ചു.

പിന്നീട് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ഷന്താളിന്റെ സഹകരണത്തോടെ അദ്ദേഹം വിസിറ്റേഷന്‍ സഭ സ്ഥാപിച്ചു. അത് അതിവേഗം യൂറോപ്പിലെങ്ങും വ്യാപിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധിക്ക് ഈ സഭ സാക്ഷ്യം വഹിച്ചു. വിസിറ്റേഷന്‍ സഭ ഇന്നും ലോകമെമ്പാടും സജീവവും പ്രവര്‍ത്തന നിരതവുമാണ്. സഭയിലെ വേദപാരംഗതരുടെ മധ്യേ അദ്ദേഹത്തിനു സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്.

ഫ്രഞ്ചു സാഹിത്യത്തിലെ ശ്രദ്ധേയനായ ഫ്രാന്‍സിസ് നിരന്തരം എഴുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ കാരുണ്യവും ദൈവ മഹത്വവും പ്രതിഫലിക്കുന്നവയാണ്. അതില്‍ ഏറ്റവും പ്രസിദ്ധമായത് ക്രിസ്തുവിനെ മാതൃകയാക്കികൊണ്ടുള്ള 'ഭക്തി ജീവിതത്തിലേക്കുള്ള ഒരാമുഖം' എന്ന പുസ്തകമാണ്്. ഇത് ക്രിസ്തീയ പരിപൂര്‍ണതയുടെ രേഖാ ചിത്രമായി പരിഗണിക്കപ്പെടുന്നു.

മുന്‍ കോപം വിശുദ്ധന്റെ കൂടപ്പിറപ്പായിരുന്നു. ഒരു ചെറിയ കാര്യം മതി അദ്ദേഹത്തിന് കോപം കൊണ്ട് ജ്വലിക്കാന്‍. ഏതാണ്ട് ഇരുപത് വര്‍ഷം വേണ്ടി വന്നു അദ്ദേഹത്തിന് തന്റെ മുന്‍കോപത്തെ നിയന്ത്രിക്കാന്‍. 1622 ഡിസംബര്‍ 28 ന് അവിഞ്ഞോണില്‍ വച്ചായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിന്റെ മരണം.

1662 ജനുവരി എട്ടിന് അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് 1665 ഏപ്രില്‍ എട്ടിന് അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പ്പാപ്പ തന്നെ ഫ്രാന്‍സിസിനെ വിശുദ്ധനായും പ്രഖ്യാപിച്ചു. റോമന്‍ കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയും വിശുദ്ധനെ വണങ്ങുന്നു. ജനുവരി 24നാണ് വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിന്റെ തിരുനാള്‍ ആചരിക്കുന്നത്.


ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബ്രിട്ടണിലെ കദോക്

2. ഫ്‌ളാന്റേഴ്‌സിലെ ബെര്‍ട്രാന്റ്്, ബെന

3. ഔവേണ്‍ ബിഷപ്പായ അര്‍മേത്തിയൂസ്

4. അന്ത്യോക്യയിലെ മെത്രാനായ ബാബിലാസ്, ശിഷ്യന്മാരായിരുന്ന ഉര്‍ബെന്‍, പ്രദിലാന്‍, എപ്പൊളോണിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26