മണിപ്പൂരില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; പതിവ് മുഖങ്ങള്‍ക്കെതിരെ പ്രതിഷേധം

മണിപ്പൂരില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; പതിവ് മുഖങ്ങള്‍ക്കെതിരെ പ്രതിഷേധം

ഇംഫാല്‍: സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ മണിപ്പൂരില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 40 മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികാണ് ആദ്യ ഘട്ട പട്ടിക പുറത്തു വിട്ടത്. പതിവു മുഖങ്ങള്‍ക്കു തന്നെയാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാമുഖ്യം എന്നതാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേക്ഷത്തിന് ഇടവരുത്തിയത്. 11 സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സീറ്റ് അനുവദിച്ചു. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് നേതാവ് ഒക്രം ഇബോബി സിംഗ് തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

തൗബുല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാകും ഇബോബി ജനവിധി തേടുക. മകന്‍ സുര്‍ജകുമാര്‍ ഒക്രം, ഖാങ്‌ബോക്ക് മണ്ഡലത്തില്‍ മത്സരിക്കും. മുന്‍ ഉപമുഖ്യമന്ത്രി ഗൈഖംഗം നുങ്ബയില്‍ നിന്നും ലോകെന്‍ സിംഗ് നിമ്പോളില്‍ നിന്നും ജനവിധി തേടും.

പുതുമുഖങ്ങളെ അവഗണിച്ചതാണ് പട്ടികക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തന്നെ പ്രതിഷേധത്തിന് കാരണമായത്. ഹിയാങ്‌ലാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം കൊടികളും ബാനറുകളും നശിപ്പിച്ചു. ദേശീയ നേതാക്കളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു.

ആഭ്യന്തര കലഹങ്ങള്‍ കാരണം കുംബി മണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികള്‍ കഴിഞ്ഞയാഴ്ച കൂട്ടത്തോടെ രാജി വച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ച പലര്‍ക്കും അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടതും പ്രതിഷേധത്തിന് കാരണമാണ്. പ്രതിഷേധങ്ങള്‍ക്കിടയിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ് നേതൃത്വം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.