കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. തുടരന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പുതിയ സാക്ഷികളെ വിസ്തരിക്കരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണ്. ഒരു സാക്ഷിക്ക് കോവിഡ് ബാധിച്ചെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അതിനിടെ ദിലീപ് അടക്കം അഞ്ചു പ്രതികളുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഒരാഴ്ചത്തെ ഫോണ്‍ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികള്‍ ഉള്‍പ്പെടെ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് പരിശോധിക്കുന്നുണ്ട്.
അങ്ങനെ പരസ്പരം ഫോണ്‍ വിളിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ അത് കൂടുതല്‍ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഇന്നലെ ചോദ്യം ചെയ്ത സൂരാജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിലെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിലെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.
നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലുമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. രാവിലെ ഒമ്പതിനാണ് ചോദ്യം ചെയ്യല്‍ പുനരാരംഭിച്ചത്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നീ പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായി. ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിന്റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ എന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.