പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ ലോകശ്രദ്ധ നേടിയ നാല് വയസുകാരിയുടെ തിരോധാനക്കേസില്‍ കോടതിയില്‍ കുറ്റം സമ്മതിച്ച് പ്രതി ടെറന്‍സ് ഡാരെല്‍ കെല്ലി. കുട്ടിയെ തട്ടിക്കൊണ്ടുപോയി 18 ദിവസത്തോളമാണ് ഇയാള്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കാര്‍നാര്‍വോണിലെ തന്റെ വീട്ടില്‍ പാര്‍പ്പിച്ചത്. വിപുലമായ തെരച്ചിലിനൊടുവിലാണ് ക്ലിയോ സ്മിത്ത് എന്ന നാലു വയസുകാരിയെ പോലീസ് സുരക്ഷിതമായി രക്ഷിച്ചത്.
പെര്‍ത്തിലെ കസുവാരിന ജയിലില്‍ കനത്ത പോലീസ് സുരക്ഷയില്‍ കഴിയുന്ന പ്രതി വീഡിയോ ലിങ്ക് വഴിയാണ് ഇന്ന് രാവിലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരായത്. കുട്ടിയെ തട്ടിയെടുത്തതായി സമ്മതിക്കാന്‍ മാത്രമാണ് ടെറന്‍സ് കെല്ലി കോടതിയില്‍ സംസാരിച്ചത്. പെര്‍ത്ത് ജില്ലാ കോടതിയില്‍ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 20-ലേക്കു മാറ്റി. അന്ന് പ്രതിക്കുള്ള ശിക്ഷ വിധിച്ചേക്കും.
ക്ലിയോ സ്മിത്തിനെ രക്ഷിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
16 വയസില്‍ താഴെയുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഓസ്ട്രേലിയന്‍ നിയമമനുസരിച്ചുളള ഗുരുതര വകുപ്പുകളാണ് 36 വയസുകാരനായ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 16-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബ്‌ളോഹോള്‍സ് ക്യാമ്പ് സൈറ്റില്‍നിന്നാണു ക്ലിയോയെ കാണാതായത്. ടെന്റില്‍ ഇളയ സഹോദരിക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. പുലര്‍ച്ചെ ക്ലിയോയുടെ അമ്മ എഴുന്നേറ്റ് നോക്കുമ്പോഴാണ് ടെന്റിന്റെ വാതില്‍ തുറന്നുകിടക്കുന്നതും കുട്ടി ഇല്ലെന്നും മനസിലാകുന്നത്.
പോലീസ്, കര, വ്യോമ, നാവിക സേനാംഗങ്ങള്‍ സംയുക്തമായി 18 ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ പ്രതിയുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്. അമ്മ എല്ലി, രണ്ടാനച്ഛന്‍ ജെയ്ക്, സഹോദരി ഇസ്ല എന്നിവര്‍ക്കൊപ്പം ക്ലിയോ താമസിച്ചിരുന്ന സ്ഥലത്തിന് സമീപമായിരുന്നു പ്രതിയുടെ വീട്. ഇവിടെയാണ് കുട്ടിയെ പ്രതി പൂട്ടിയിട്ട നിലയില്‍ പാര്‍പ്പിച്ചിരുന്നത്.
പാവകളുമായി പ്രതി
മാതാപിതാക്കളില്‍ നിന്നു വേര്‍പിരിഞ്ഞ് അപരിചതനായ ഒരു വ്യക്തിക്കൊപ്പം അപകടകരമായ സാഹചര്യത്തില്‍ നാലു വയസുകാരി 18 ദിവസം കഴിഞ്ഞത് അത്ഭുതത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ അന്നു കണ്ടത്. രാജ്യത്തിനാകെ അഭിമാനവും ലോകത്തിന് മാതൃകയുമായ കേസ് അന്വേഷണമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസ് അന്നു നടത്തിയത്.
നവംബര്‍ മൂന്നിന് പുലര്‍ച്ചെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് പോലീസ് ക്ലിയോയെ രക്ഷപ്പെടുത്തിയത്. കണ്ടെത്തുമ്പോള്‍ കുട്ടി ഒറ്റയ്ക്ക് പാവകളുമായി കളിക്കുകയായിരുന്നു. ഇതേസമയം തന്നെ ടെറന്‍സ് കെല്ലി അടുത്തുള്ള തെരുവില്‍ വെച്ച് അറസ്റ്റിലായി. ഇയാള്‍ തനിച്ചാണ് കുട്ടിയെ തട്ടിയെടുത്തെന്നാണ് പോലീസ് നിഗമനം. അതേസമയം കുട്ടിയെ തട്ടിയെടുത്തതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തമല്ല. കസ്റ്റഡിയിലിരിക്കെ, ശരീരത്തില്‍ സ്വയം മാരകമായി മുറിവേല്‍പ്പിച്ചതിന് പ്രതിയെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
ബ്രാറ്റ്സ് എന്ന ബ്രാന്‍ഡിലുള്ള പാവകളോട് പ്രതിക്ക് കടുത്ത അഭിനിവേശം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡസന്‍ കണക്കിന് പാവകളാണ് ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്.
പ്രദേശത്തെ കളിപ്പാട്ടക്കടയിലെ സ്ഥിരം ഉപഭോക്താവാണ് പ്രതി. തന്റെ പെണ്‍മക്കള്‍ക്കു വേണ്ടി പാവകള്‍ വാങ്ങാനെന്നു കള്ളം പറഞ്ഞാണ് പ്രതി എത്തിയിരുന്നത്.
സമൂഹ മാധ്യമത്തില്‍ പാവകളുടെ ചിത്രങ്ങളും കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു അക്കൗണ്ടും ഇയാളുടെ പേരിലുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, പ്രതിക്ക് പങ്കാളിയോ കുട്ടികളോ ഇല്ല. ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ഒരു പബ്ലിക് ഓഫീസറെ ആക്രമിച്ചത് ഉള്‍പ്പെടെ മറ്റ് ക്രിമിനല്‍ കുറ്റങ്ങളും പ്രതി നേരിടുന്നുണ്ട്.
ക്ലിയോ സ്മിത്തിനെ പോലീസ് രക്ഷിച്ചത് എങ്ങനെ? വിശദമായി വായിക്കാം
'നിന്റെ പേരെന്താണ്? എന്റെ പേര് ക്ലിയോ'; 18 ദിവസമായി കാണാതായ നാലു വയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26