ദിലീപിന് താല്‍ക്കാലികാശ്വാസം: സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ല; അക്കാര്യം വിചാരണക്കോടതി പറയട്ടെന്ന് സുപ്രീം കോടതി

 ദിലീപിന് താല്‍ക്കാലികാശ്വാസം: സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ല; അക്കാര്യം വിചാരണക്കോടതി പറയട്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റിസ് എ.എന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ തുടക്കം മുതല്‍ ദിലീപ് എതിര്‍ത്തിരുന്നു.. വിചാരണ നീട്ടിക്കൊണ്ടുപോവാനും മാധ്യമ വിചാരണ നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. വിചാരണ സമയം നീട്ടണമെങ്കില്‍ വിചാരണക്കോടതി ജഡ്ജി തീരുമാനിക്കട്ടെയെന്നും റോത്തഗി വാദിച്ചു.

202 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം പെട്ടെന്നു സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അദ്ദേഹത്തെ വിസ്തരിക്കട്ടെന്ന് റോത്തഗി പറഞ്ഞു.

വിചാരണക്കോടതിയെ സമീപിക്കുമ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിക്കുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ലെന്നും ജഡ്ജി ആവശ്യപ്പെട്ടാല്‍ തീരുമാനിക്കാമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പ്രതികരിച്ചു.

വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണ്. ഇനി തുടരന്വേഷണം ആവശ്യമില്ല. ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘം വാടകക്കെടുത്ത സാക്ഷിയാണ്. എത്രയും വേഗം കേസില്‍ വിധി പറയുകയാണ് വേണ്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.