സഞ്ജിത്ത് വധം; മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഹാറൂണ്‍ പിടിയില്‍

സഞ്ജിത്ത് വധം; മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഹാറൂണ്‍ പിടിയില്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണ്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ചെര്‍പ്പുളശ്ശേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തന്ത്രപരമായാണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സലാമിനൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയതും പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കുന്നതിന് പദ്ധതികള്‍ രൂപീകരിച്ചതും ഹാറൂണാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.

കേസിലെ എട്ടാം പ്രതി അബ്ദുള്‍ ഹക്കീമിന് കോടതി ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ പോകുമെന്നും പാലക്കാട് എസ്.പി വ്യക്തമാക്കി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളും ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

സഞ്ജിത്തിനെ കൊലപ്പെടുത്തി രണ്ട് മാസങ്ങള്‍ കഴിഞ്ഞാണ് മുഖ്യ സൂത്രധാരനെ പോലീസിന് പിടികൂടാനായത്. ഒളിവിലായിരുന്ന ഹാറൂണിനെതിരെ ഒരു മാസം മുമ്പ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിയിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകനാണ് പിടിയിലായ മുഹമ്മദ് ഹാറൂണ്‍.

ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബര്‍ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം രാഷ്ട്രീയ വൈരാഗ്യമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമായി പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. അവരുടെ സംഘടനയിലെ മറ്റൊരു പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ വൈരാഗ്യവും കാരണമായതെന്നാണ് പ്രതികള്‍ പറയുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ദീര്‍ഘനാളത്തെ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.