മാതാവ് ഉറങ്ങുന്നു... ഉണ്ണിയെ ചാഞ്ചക്കമാട്ടി യൗസേപ്പിതാവ്: സുന്ദരം, വ്യത്യസ്തം ഈ തിരുക്കുടുംബ ശില്‍പ ചാരുത

മാതാവ് ഉറങ്ങുന്നു... ഉണ്ണിയെ ചാഞ്ചക്കമാട്ടി യൗസേപ്പിതാവ്: സുന്ദരം, വ്യത്യസ്തം ഈ തിരുക്കുടുംബ ശില്‍പ ചാരുത

തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ച തിരുക്കുടുംബ ശില്‍പ്പം ഇപ്പോള്‍ ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ചര്‍ച്ചാ വിഷയമാണ്. മറിയം കിടന്നുറങ്ങുന്നു. തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി താലോലിക്കുന്ന യൗസേപ്പിതാവ്... ഇതാണ് പുതുമയാര്‍ന്ന ശില്‍പം.

ഉണ്ണിയേശുവിനെ കൈകളിലേന്തി മാതാവും, തൊട്ടടുത്ത് നില്‍ക്കുന്ന യൗസേപ്പിതാവുമെന്ന തിരുക്കുടുംബത്തിന്റെ സ്ഥിര സങ്കല്‍പത്തിനാണ് ഇവിടെ മാറ്റം വരുത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധിയാളുകളാണ് പുതിയ ശില്‍പം കാണാനെത്തുന്നത്.

തൃശൂര്‍ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലെ പിതൃ സംഘത്തിന്റെ നേതൃത്തിലാണ് വ്യത്യസ്തമായ ഈ തിരുകുടുംബ ശില്‍പമൊരുക്കിയത്. ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ശില്‍പം നിര്‍മ്മിച്ചത്. മുല്ലശേരി സ്വദേശിയായ കെ.കെ ജോര്‍ജാണ് കോണ്‍ക്രീറ്റിലുള്ള ശില്‍പ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

ലിംഗ സമത്വത്തെപ്പറ്റിയും മക്കളെ വളര്‍ത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത് ഈ ശില്‍പത്തിന് പ്രസക്തിയുണ്ടെന്ന് ഇടവക വികാരി ഫാ.ടോണി വാഴപ്പിള്ളി പറഞ്ഞു.

കുഞ്ഞുങ്ങളെ വളര്‍ത്തല്‍ അമ്മയില്‍ മാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയില്‍ നിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാന്‍ ശില്‍പം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികള്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.