അനുദിന വിശുദ്ധര്‍ - ജനുവരി 25
സിലിസിയായുടെ തലസ്ഥാനമായ ടാര്‍സൂസിലാണ് പൗലോസിന്റെ ജനനം. സാവൂള്‍ എന്നായിരുന്നു മാനസാന്തരത്തിനു മുന്‍പ് അദ്ദേഹത്തിന്റെ പേര്. ജന്മം കൊണ്ട് ഫരിസേയനായിരുന്ന സാവൂള്‍ ക്രിസ്തു മതത്തിന്റെ ബദ്ധ ശത്രുവായിരുന്നു.
ആദ്യ ക്രിസ്ത്യന്‍ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനെ കല്ലെറിഞ്ഞു കൊല്ലുന്നതില്‍ സാവൂളും പങ്കാളിയായിരുന്നുവെന്ന് പറയപ്പെടുന്നു. ഒരിക്കല്‍ ക്രിസ്ത്യാനികളെ ജറുസലേമില്‍ കൊണ്ടു പോയി കൊന്നൊടുക്കുന്നതിന് ഡമാസ്‌കസിലെ സംഘങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നിര്‍ദേശ പത്രം പ്രധാന പുരോഹിതനില്‍ നിന്നു വാങ്ങി പുറപ്പെടുമ്പോള്‍ പെട്ടെന്ന് തന്നെ ആകാശത്തു നിന്നും ഒരു വലിയ തിളക്കമാര്‍ന്ന പ്രകാശ വലയം സാവൂളിന് ചുറ്റും മിന്നി.
യേശു ക്രിസ്തു തന്റെ മഹത്വമാര്‍ന്ന തിരുശരീരത്തോട് കൂടി അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും 'സാവൂള്‍...സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്' എന്ന ചോദ്യമുന്നയിക്കുകയും ചെയ്തതായി അദ്ദേഹത്തിന് തോന്നി. അങ്ങ് ആരാണെന്ന് അയാള്‍ ചോദിച്ചു. 'നീ പീഡിപ്പിക്കുന്ന നസറത്തുകാരനായ ഈശോയാണ് ഞാന്‍' എന്ന മറുപടി സാവൂള്‍ കേട്ടു.
കര്‍ത്താവേ... ഞാന്‍ എന്തു ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് സാവൂള്‍ ചോദിച്ചു. 'നീ പട്ടണത്തിലേക്ക് ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെ വച്ച് ഞാന്‍ നിന്നോട് പറയും' എന്നായിരുന്നു മറുപടി. സാവൂള്‍ എഴുന്നേറ്റ് കണ്ണുകള്‍ നന്നായി തുറന്നിട്ടും പിന്നീടൊന്നും കാണാന്‍ സാധിച്ചില്ല. സഹ യാത്രക്കാര്‍ അദ്ദേഹത്തെ ഡമാസ്‌കസിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ മൂന്ന് ദിവസം സാവൂള്‍ കാഴ്ചയില്ലാതെയും ഭക്ഷണ പാനീയങ്ങളില്ലാതെയും കഴിച്ചു കൂട്ടി.
അതിനിടെ കര്‍ത്താവ് അനനിയാസിന് പ്രത്യക്ഷപ്പെട്ട് സാവൂളിനെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ആ മനുഷ്യന്‍ ക്രിസ്ത്യാനികളെ ദ്രോഹിക്കുന്നവനാണല്ലോ എന്ന് അനനിയാസ് പറഞ്ഞപ്പോള്‍ കര്‍ത്താവ് അരുള്‍ ചെയ്തു. 'വിജാതീയരുടെയും രാജാക്കന്‍മാരുടെയും ഇസ്രായേല്യരുടെയും ഇടയില്‍ എന്റെ നാമം എത്തിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഉപകരണമാണ് അയാള്‍. എന്റെ നാമത്തെ പ്രതി എന്തെല്ലാം കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഞാന്‍ അയാള്‍ക്ക് കാണിച്ചു കൊടുക്കും'.
പിന്നീട് അനനിയാസ് തന്നെ സാവൂളിന് ജ്ഞാനസ്‌നാനം നല്‍കി. പൗലോസ് എന്ന പേരു സ്വീകരിച്ച സാവൂള്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷം പ്രസംഗിക്കുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ അടിയുറച്ച ക്രിസ്തു ശിഷ്യനായി മാറിയ വിശുദ്ധ പൗലോസ് ഏതാണ്ട് എ.ഡി 65 ല്‍ റോമില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1 അനാനീയാസ്
2. ഈജിപ്തിലെ അപ്പൊള്ളൊ
3. ഡൊണാത്തൂസും, സബീനൂസും അഗാപ്പെയും
4. പൂത്തെയോളിലെ സഹപാഠികള്‍ വധിച്ച അരത്തെമാസ്
5. സിത്തിയായില്‍ ടോമിയിലെ ബിഷപ്പായ ബെര്‍ത്താനിയോണ്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26