അധികാരം വെട്ടിച്ചുരുക്കി ലോകായുക്തയെ നോക്കുകുത്തിയാക്കാന്‍ നിയമ ഭേദഗതിയുമായി പിണറായി സര്‍ക്കാര്‍

അധികാരം വെട്ടിച്ചുരുക്കി ലോകായുക്തയെ നോക്കുകുത്തിയാക്കാന്‍ നിയമ ഭേദഗതിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ പുതിയ നിയമ ഭേദഗതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഒര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭ അനുമതി നല്‍കി. അംഗീകാരത്തിനായി ഒര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാര സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തയ്കക്ക് അധികാരമുണ്ട്. ഇത് സംബന്ധിച്ച ലോകായുക്തയുടെ വിധി, വിഷയവുമായി ബന്ധപ്പെട്ട അധികാരിക്ക് നല്‍കണമെന്നും അധികാരി അംഗീകരിക്കണമെന്നുമാണ് നിലവിലെ നിയമം.

എന്നാല്‍ പുതിയ ഭേദഗതി വരുന്നതോടെ ലോകായുക്തയുടെ ഇത്തരത്തിലുള്ള വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിംഗ് കൂടി നടത്തി തള്ളുകയോ കൊള്ളുകയോ ചെയ്യാനാകും. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ലോകായുക്ത വിധിയില്‍ വിഷയവുമായി ബന്ധപ്പെട്ട അധികാരി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ വിധി അംഗീകരിച്ചതായി കണക്കാക്കും.

കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ടി ജലീലിന് എതിരെ ലോകായുക്തയുടെ വിധി ഉണ്ടായിരുന്നു. ബന്ധു നിയമനക്കേസില്‍ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നുമായിരുന്നു വിധി. രാജി ഒഴിവാക്കാന്‍ ജലീല്‍ സുപ്രീം കോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ പുതിയ നിയമ ഭേദഗതി വരുന്നതോടെ സമാന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി തീരുമാനമെടുക്കാന്‍ കഴിയും.

ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാന്‍ നീക്കമുണ്ട്. സുപ്രീം കോടതിയില്‍ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു.

പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാന്‍ കഴിയുക.

സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണ്. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്.

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നല്‍കി, അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വര്‍ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകള്‍.

കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ കേസ് വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.