'ലോകായുക്തയുടെ ചിറകരിയുന്നതിനെക്കാള്‍ നല്ലത് പിരിച്ചുവിടുന്നത്'; ഓര്‍ഡിനന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

'ലോകായുക്തയുടെ ചിറകരിയുന്നതിനെക്കാള്‍ നല്ലത് പിരിച്ചുവിടുന്നത്'; ഓര്‍ഡിനന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതിനെക്കാള്‍ നല്ലത് പിരിച്ചുവിടുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മോഡി എന്താണോ ചെയ്തത് അതാണ് പിണറായിയും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകായുക്തക്ക് സ്വയം അഴിമതി കേസുകള്‍ക്ക് വിധി കല്‍പിക്കാനുള്ള അധികാരം എടുത്ത് കളയുകയാണ്. ലോകായുക്തക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ. അങ്ങനെ ശുപാര്‍ശ ചെയ്താല്‍ മൂന്ന് മാസത്തിനകം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ വീണ്ടും ഹിയര്‍ ചെയ്ത് തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഇതിലൂടെ ലോകായുക്തക്ക് ഇനി മുതല്‍ അഴിമതി ആരോപണങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നു ചേരുകയാണ്. ഇത് തന്നെയാണ് മോഡിയും ചെയ്തത്.
ഇന്ന് കേരളത്തിലോ ഇന്ത്യയിലോ മന്ത്രിമാര്‍ക്കോ മുന്‍ എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ എതിരായ ഒരു ആരോപണവും അന്വേഷിക്കാന്‍ കഴിയില്ല. കാരണം സര്‍ക്കാരിന്റെയോ അപ്പോയിന്റിംങ് അതോറിറ്റിയുടേയോ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്നുള്ളതാണ് പാര്‍ലമെന്റില്‍ മോഡി കൊണ്ടു വന്ന നിയമത്തിന്റെ സാരാംശം. അതുകൊണ്ട് തന്നെ ഒരു പൊതു പ്രവര്‍ത്തകനെതിരേയും അഴിമതി ആരോപണം കൊണ്ടുവരാന്‍ സാധിക്കില്ല. മോഡി ചെയ്ത അതേ കാര്യമാണ് പിണറായി വിജയനും ചെയ്യുന്നത്.

അഴിമതി ആരോപണങ്ങള്‍ ഉണ്ടായാല്‍ ലോകായുക്ത നടപടിയെടുക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് കേരളത്തിലെ മുഖ്യമന്ത്രി ഈ ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഇതില്‍ ഗവര്‍ണര്‍ ഒപ്പ് ഇടരുതെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സര്‍ക്കാരിനെതിരായി രണ്ട് പരാതികള്‍ ലോകായുക്തയുടെ പരിഗണനയിലാണ്.

ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹരായവര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ടതും മറ്റൊന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയുമാണ്. പരാതിയില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിയ്ക്കുമെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.