ബിജെപിയുടെ ചതിക്കുഴിയില്‍ വീണുപോകരുത്: മുന്നറിയിപ്പുമായി രാകേഷ് ടികായത്

ബിജെപിയുടെ ചതിക്കുഴിയില്‍ വീണുപോകരുത്: മുന്നറിയിപ്പുമായി രാകേഷ് ടികായത്

ലഖ്നൗ: തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഹിന്ദു- മുസ്ലീം ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഇനിയുള്ള ദിവസങ്ങളില്‍ ഹിന്ദു, മുസ്ലിം, ജിന്ന എന്നിവ രാഷ്ട്രീയ വ്യവഹാരത്തിലെ സ്ഥിരം വിഷയങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു-മുസ്ലിം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമൂഹത്തെ ധ്രുവീകരിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രം ഉദ്ദേശിച്ചുള്ള ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകളില്‍ സ്വാധീനിക്കപ്പെട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് ബോധ്യണ്ട്. മറ്റൊരു പ്രേരണയും അവര്‍ക്ക് ആവശ്യമില്ല. കര്‍ഷകരുടെ വോട്ടിങ് മുന്‍ഗണനയെക്കുറിച്ച് ചോദിച്ചപ്പോള്‍ കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ പകുതി വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, എങ്ങനെ വോട്ടുചെയ്യണമെന്ന് അവരെ പറഞ്ഞു മനസിലാക്കേണ്ടതില്ലെന്നായിരുന്നു ടികായത്തിന്റെ മറുപടി.

മാര്‍ച്ച് 15 വരെ ഹിന്ദു, മുസ്ലീം, ജിന്ന എന്നിവര്‍ യുപിയില്‍ ഔദ്യോഗിക അതിഥികളാകാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടിയാണ് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് പ്രവചിക്കാന്‍ കഴിയില്ലെങ്കിലും ജനങ്ങള്‍ തീര്‍ച്ചയായും ഭരണകക്ഷിക്ക് വോട്ട് ചെയ്യില്ല. സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക മുന്നേറ്റത്തിന്റെ സമയത്ത് ഡല്‍ഹിയില്‍ ലഭിച്ച '13 മാസത്തെ പരിശീലനം' അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ സാവകാശം ലഭിച്ചുവെന്നും രാകേഷ് ടികായത് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്പി-ആര്‍എല്‍ഡി സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് രാകേഷ് ടികായതിന്റെ സഹോദരനും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റുമായ നരേഷ് ടികായത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ ഇതുവരെ ആര്‍ക്കും ഒരു പിന്തുണയും നല്‍കിയിട്ടില്ലെന്നും അങ്ങനെ വല്ലതുമുണ്ടെങ്കില്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അത് സ്ഥിരീകരിക്കുമെന്നുമായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാകേഷ് ടികായത് മറുപടി പറഞ്ഞത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10 നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27 നുമാണ്.

ആറാം ഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാം ഘട്ടം മാര്‍ച്ച് ഏഴിനും നടക്കും. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.