മകന്റെ വീരമൃത്യു 20 വര്‍ഷം മുമ്പ്; പെന്‍ഷനായുള്ള അമ്മയുടെ കാത്തിരിപ്പ് ഇന്നും തുടരുന്നു

മകന്റെ വീരമൃത്യു 20 വര്‍ഷം മുമ്പ്; പെന്‍ഷനായുള്ള അമ്മയുടെ കാത്തിരിപ്പ് ഇന്നും തുടരുന്നു

തൃശൂര്‍: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, പാക് പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച മകന്റെ പേരിലുള്ള പെന്‍ഷന്‍ കിട്ടാന്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഒരമ്മ. ഇരിങ്ങാലക്കുട കീഴുത്താണി മച്ചാട്ട് പുത്തൂര്‍ വീട്ടില്‍ ഇന്ദിരാ മേനോന്‍ (75) ആണ് മകന്‍ വിനയകുമാറിന് നീതികിട്ടാനായി പോരാടുന്നത്.

1996 സെപ്റ്റംബര്‍ 30ന് 28ാം വയസിലാണ് ബി.എസ്.എഫ് ജവാനായിരുന്ന വിനയകുമാര്‍ ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ചത്. പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് ആക്രമിച്ചിരുന്നു. പ്രത്യാക്രമണം നടത്തുമ്പോഴാണ് പി.എന്‍ വിനയകുമാര്‍ പാക് പട്ടാളത്തിന്റെ വെടിയേറ്റ് വീണത്.

വിനയകുമാറിന്റെ ഭാര്യയ്ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു. 2000 ജൂണില്‍ പുനര്‍വിവാഹ ശേഷം പെന്‍ഷന്‍ കൈപ്പറ്റിയിട്ടില്ല. അമ്മയായ ഇന്ദിരയ്ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള സമ്മതപത്രം അവര്‍ നല്‍കുകയും ചെയ്തു. ബി.എസ്.എഫിന് എല്ലാ രേഖകളും നല്‍കയതാണ്. 2011 ഡിസംബറില്‍ ഇന്ദിരയുടെ ഭര്‍ത്താവ് നാരായണന്‍കുട്ടിയും മരിച്ചു. 2016ലും 2021ലും പ്രധാനമന്ത്രിയുടെ പെന്‍ഷന്‍ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കി. അവിടെ നിന്ന് ബി.എസ്.എഫിലേക്ക് നല്‍കിയെങ്കിലും നടപടിയായില്ല.

കനറാ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലൂടെയാണ് നേരത്തെ പെന്‍ഷന്‍ ലഭിച്ചത്. അതിന്റെ രേഖകളൊന്നും ഇപ്പോള്‍ അവിടെ ഇല്ല. ബി.എസ്.എഫ് ബംഗളൂരുവിലെ കനറാ ബാങ്കിന്റെ സെന്‍ട്രല്‍ പെന്‍ഷന്‍ സ്‌കീം പ്രൊസസിംഗ് സെന്ററുമായി ബന്ധപ്പെട്ടെങ്കിലും രേഖകള്‍ ലഭിച്ചില്ല. 1997 മുതല്‍ 2000 വരെ പെന്‍ഷന്‍ നല്‍കിയത് പാസ്ബുക്കില്‍ ഉണ്ടെന്ന് ഇന്ദിരാ മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മകന്റെ പെന്‍ഷന്‍ വാങ്ങി ഉപജീവനം നടത്താന്‍ കാത്തിരിക്കയല്ല താനെന്നും മകന്റെ വീരമൃത്യു അപമാനിക്കപ്പെടുകയാണെന്നും തന്റെ മരണത്തിന് മുമ്പ് മകന് നീതി ലഭിക്കണമെന്നാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. മകള്‍ പി ബിന്ദു, ജയ്ഹിന്ദ് രാജന്‍, അഡ്വ. കെ.ജി സതീശന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.