തിരുവനന്തപുരം: ലോകായുക്തയുടെ നിയമ അധികാരത്തിനെതിരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം പറഞ്ഞു. നിയമസഭ സമ്മേളിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നത് ഒരു സത്യമാണെന്നും കാനം പ്രതികരിച്ചു.
ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വരുന്നതിനിടെയാണ് എല്‍ഡിഎഫിലെ പ്രധാനപാര്‍ട്ടി സര്‍ക്കാര്‍ നിലപാടിനെതിരെ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇടതുമുന്നണി പോലും അറിയാതെയാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനമെടുത്തത്. ഭരണപരമായ കാര്യങ്ങള്‍ക്ക് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്യുന്ന രീതിയില്ല. എന്നാല്‍, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നടപടി സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും പൊതു നിലപാടില്‍ നിന്നുള്ള നയപരമായ മാറ്റമാണ്. അത്തരം കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക എന്നതാണ് എല്‍.ഡി.എഫ്. സ്വീകരിച്ചു വരുന്ന രീതിയെന്നുമാണ് മുന്നണിയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം പ്രധാനകാര്യങ്ങളെല്ലാം മുന്നണിയില്‍ കൊണ്ടുവരുന്ന രീതിക്ക് മാറ്റം വന്നിരുന്നു. ഇക്കാര്യത്തില്‍ തുടക്കത്തില്‍ സി.പി.ഐ ഇടഞ്ഞു നിന്നപ്പോള്‍, സി.പി.എം-സി.പി.ഐ സെക്രട്ടറിതല ചര്‍ച്ച എന്നൊരു രീതി കൊണ്ടു വന്നിരുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പായി ഇരുപാര്‍ട്ടിയിലേയും സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തുകയും പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ട്. എന്നാല്‍ ലോകായുക്ത ഓര്‍ഡിനന്‍സിന്റെ കാര്യം ഈ ചര്‍ച്ചയിലും വിഷയമായിട്ടില്ലെന്നാണ് കാനത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.