കെയ്‌റോ: ഈജിപ്ഷ്യന്‍ മമ്മിയുടെ ഉദരത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ കണ്ടെത്തി ഗവേഷകര്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മമ്മി രൂപത്തിലാക്കി സൂക്ഷിച്ചിരുന്ന സ്ത്രീയുടെ വയറിനുള്ളിലാണ് വാഴ്‌സോ സര്‍വകലാശാലയിലെ ഗവേഷകര്‍ ഗര്‍ഭസ്ഥ ശിശുവിനെ കണ്ടെത്തിയത്. മമ്മിയ്ക്ക് 2000 വര്‍ഷത്തോളം പഴക്കമുണ്ട്.
സിടി സ്‌കാനും എക്‌സ് റേയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഭ്രൂണം കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. എംബാം ചെയ്യപ്പെട്ട നിലയിലുള്ള ഭ്രൂണവുമായി ഇതാദ്യമായാണ് ഒരു മമ്മി കണ്ടെത്തുന്നത്. മരിക്കുന്ന സമയത്ത് ഈ സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് മൃതദേഹം മമ്മി രൂപത്തിലാക്കിയതെന്നാണ് കരുതപ്പെടുന്നത്.
പ്രത്യേക നടപടികളൊന്നും കൂടാതെ തന്നെ ഗര്‍ഭസ്ഥശിശു സംരക്ഷിക്കപ്പെട്ടിരുന്നത് എങ്ങനെയെന്നാണ് ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചത്. എന്നാല്‍ മൃതദേഹം മമ്മി രൂപത്തിലാക്കി സംരക്ഷിക്കപ്പെട്ടപ്പോള്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കൂടുമെന്നും ഇങ്ങനെയാണ് ഭ്രൂണം സംരക്ഷിപ്പെട്ടിരുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
അതേസമയം ഈ മമ്മി എവിടെയാണ് സൂക്ഷിച്ചിരുന്നതെന്നോ ഈ സ്ത്രീ മരിച്ചത് എങ്ങനെയാണെന്നോ വ്യക്തതയില്ല. ഭ്രൂണത്തിന്റെ സ്ഥാനം അപഗ്രഥിച്ച വിദഗ്ധര്‍ ഇവര്‍ പ്രസവത്തിനിടെയല്ല മരിച്ചതെന്നാണ് കരുതുന്നത്. മരണസമയത്ത് ഭ്രൂണത്തിന് ആറോ ഏഴോ മാസത്തെ വളര്‍ച്ചയുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍.
മൃതദേഹത്തിലെ രക്തത്തിന്റെ പിഎച്ച് നിലയും ഗര്‍ഭാശയത്തിലെ പിഎച്ച് നിലയും കാലം ചെല്ലുന്തോറും താഴുമെന്നും അങ്ങനെ കൂടുതല്‍ ആസിഡിന്റെ അംശം എത്തുന്നതു വഴിയാണ് ഭ്രൂണം സംരക്ഷിക്കപ്പെട്ടതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
കൂടാതെ ശരീരം നാട്രോണ്‍ ഉപയോഗിച്ച് പൊതിയുന്നതിനാല്‍ ഓക്‌സിജനുമായുള്ള സമ്പര്‍ക്കവും കുറയും. ഇതോടെ ഭ്രൂണം ഉള്‍പ്പെടുന്ന ഗര്‍ഭപാത്രം സംരക്ഷിക്കപ്പെട്ടിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ ശരീരത്തിലെ അമാണിയയുടെ അളവും വര്‍ധിക്കും.
ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിന് എല്ലുകള്‍ കുറവാണെന്നതിനു പുറമെ കാലക്രമേണ എല്ലുകള്‍ നശിച്ചു പോകുക കൂടി ചെയ്തതാണ് ഭ്രൂണം എളുപ്പത്തില്‍ കണ്ടെത്താതിരിക്കാന്‍ കഴിഞ്ഞതെന്നും ഗവേഷകര്‍ പറഞ്ഞു. ഒരു മുട്ട ആസിഡ് നിറച്ച പാത്രത്തിലിട്ടു വെച്ചാല്‍ മുട്ടയുടെ തോട് ആസിഡില്‍ അലിഞ്ഞു പോകുമെന്നും ഉള്‍ഭാഗം അതേപടി നിലനില്‍ക്കുമെന്നും ഗവേഷകര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സാധാരണ ഗതിയില്‍ മൃതദേഹങ്ങള്‍ മമ്മിയാക്കുമ്പോള്‍ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഇവര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.