അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; ഫോണുകള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്നും അഭിഭാഷകന്റെ പക്കലെന്നും ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; ഫോണുകള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്നും അഭിഭാഷകന്റെ പക്കലെന്നും ദിലീപ്

കൊച്ചി: തന്റെ മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് നടന്‍ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിനോടും കൂട്ടുപ്രതികളോടും പഴയ ഫോണുകള്‍ ഹാജരാക്കണമെന്ന് കാണിച്ച് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ നേരത്തേ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പ് കൈമാറണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നാണ് ദിലീപിന്റെ വിശദീകരണം. അതിന് ശേഷം കോടതിയില്‍ ഹാജരാക്കിയേക്കും.

ദിലീപിന്റെയും അനൂപിന്റെയും കൈവശമുണ്ടായിരുന്ന നാല് ഫോണുകള്‍, സുരാജിന്റെ ഒരു ഫോണ്‍ എന്നിവ റെയ്ഡിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇവ പക്ഷേ മുമ്പ് ഉപയോഗിച്ചിരുന്നവ ആയിരുന്നില്ല. ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചപ്പോഴാണ് തിരിമറി വ്യക്തമായത്.

മൊബൈല്‍ മാറ്റിയതിനെ കുറിച്ച് ആരാഞ്ഞിരുന്നെങ്കിലും വ്യക്തമായ ഉത്തരം ഇവരാരും നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് മൊബൈലുകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത്. മൂവരുടെയും ഒരുവര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.