ആശങ്ക ഉയര്‍ത്തി വടക്കന്‍ കേരളം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

ആശങ്ക ഉയര്‍ത്തി വടക്കന്‍ കേരളം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

കോഴിക്കോട്: ആശങ്ക ജനിപ്പിച്ച് വടക്കന്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് കൂടിയതോടെ ബദല്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ചികിത്സ സൗകര്യങ്ങളുടെ പ്രതിസന്ധി പരിഹരിച്ചെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവാണ് വടക്കന്‍ ജില്ലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 17 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തര്‍ 211 ആയി. ബീച്ച് ആശുപത്രിയില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് പൊസറ്റീവായി. ഇവിടെ 42 ആരോഗ്യപ്രവര്‍ത്തകരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി കോവിഡ് ബ്രിഗേഡുകളെ നിയമിക്കണമെന്നാണ് ആവശ്യം.

ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സര്‍ക്കാരിന് കത്തയച്ചു. ആന്റിജന്‍ പരിശോധന വ്യാപകമാക്കണമെന്നും കെജിഎംഒഎ കത്തില്‍ ആവശ്യപ്പെട്ടു. ഫറോക്ക് ഇഎസ്ഐ ആശുപത്രിയില്‍ നൂറ് കിടക്കകളുണ്ട്. ഇവിടെ ഈമാസം 28 മുതല്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായിരുന്നു.

സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 100 കിടക്കകള്‍ ഒരുക്കിയതോടെ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായിട്ടുണ്ട്. പാലക്കാടും രോഗികളുടെ എണ്ണം ദിവസവും കൂടുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് വ്യാപനം രൂക്ഷമാണ്. അതിനാല്‍ ജീവനക്കാരുടെ കുറവ് ജില്ലയിലുണ്ട്.

മലപ്പുറം ജില്ലയിലും രോഗികളുടെ എണ്ണം വലിയതോതില്‍ കൂടിയിരിക്കുകയാണ്. മൂവായിരത്തിന് മുകളിലേക്ക് രോഗികള്‍ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. കാസര്‍ഗോഡും രോഗികളുടെ എണ്ണത്തില്‍ ഒട്ടും പിന്നിലല്ല. വയനാട്, കണ്ണൂര്‍ ജില്ലകളിലും രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല. എങ്കിലും ആവശ്യത്തിന് സൗകര്യങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.