റെയില്‍വേ പരീക്ഷയില്‍ മാറ്റം വരുത്തി; അക്രമാസക്തരായ ഉദ്യോഗാര്‍ഥികള്‍ തീവണ്ടി കത്തിച്ചു - വീഡിയോ

റെയില്‍വേ പരീക്ഷയില്‍ മാറ്റം വരുത്തി; അക്രമാസക്തരായ ഉദ്യോഗാര്‍ഥികള്‍ തീവണ്ടി കത്തിച്ചു - വീഡിയോ

പറ്റ്ന: ബീഹാറില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തിയതില്‍ അക്രമാസക്തരായ ഉദ്യോഗാര്‍ഥികള്‍ പാസഞ്ചര്‍ ട്രെയിന്‍ അഗ്‌നിക്കിരയാക്കി. മറ്റൊരു ട്രെയിനിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ, പരീക്ഷ തത്കാലം നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉദ്യോഗാര്‍ഥികളുടെ പരാതിയെ കുറിച്ച് പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി.

ബീഹാറിലെ ഗയയിലാണ് സംഭവം. ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. റെയില്‍വേ ട്രാക്കില്‍ പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികളാണ് ട്രെയിനിന് തീവെയ്ക്കുകയും കല്ലെറിയുകയും ചെയ്തത്.

നിയമം കൈയിലെടുക്കരുതെന്ന് ഉദ്യോഗാര്‍ഥികളോട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭ്യര്‍ഥിച്ചു. ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ ഗൗരവത്തോടെ കാണും. കുട്ടികളുടെ പരാതികള്‍ കേള്‍ക്കാന്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

നോണ്‍- ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് ( ആര്‍ആര്‍ബി- എന്‍ടിപിസി) പരീക്ഷയുടെ രീതിയില്‍ മാറ്റം വരുത്തിയതിനെതിരെയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. രണ്ടു ഘട്ടങ്ങളായി പരീക്ഷ നടത്താനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണം.

രണ്ടാമത്തെ പരീക്ഷ നടത്താനുള്ള തീരുമാനം അനീതിയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. ജനുവരി 15 ന് ആദ്യ ഘട്ട പരീക്ഷയില്‍ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തുവന്നത്.

60 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ലെവല്‍ രണ്ടുമുതല്‍ ലെവല്‍ ആറു വരെയുള്ള തസ്തികകളില്‍ 35000 ഒഴിവുകളിലേക്കാണ് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്. നോട്ടിഫിക്കേഷനില്‍ ഒരു പരീക്ഷ എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഭാവി വച്ച് സര്‍ക്കാര്‍ പന്താടുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.