ഹൈദരാബാദ്: കോവിഡ് ബാധിതയായ ഗര്‍ഭിണി റോഡില്‍ പ്രസവിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സ നല്‍കാതെ ആശുപത്രിയില്‍നിന്നിറക്കി വിട്ട യുവതിയാണ് റോഡില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അച്ചംപേട്ടിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പ്രസവമടുത്ത ഗര്‍ഭിണി ഇവിടെ ചികിത്സ തേടിയെത്തിയത്.
അഡ്മിറ്റ് ചെയ്യുന്നതിനു മുന്നോടിയായി കോവിഡ് പിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിക്ക് പുറത്തുള്ള റോഡിലിറങ്ങിയ യുവതി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രസവിക്കുകയായിരുന്നു. പ്രസവശേഷം യുവതിയെ അകത്തേക്ക് കൊണ്ടുവന്നതായും നവജാതശിശുവും അമ്മയും സുഖമായിരിക്കുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ കടുത്ത അനാസ്ഥയും ചട്ടലംഘനവുമാണ് കാണിച്ചതെന്ന് തെലങ്കാന വൈദ്യ വിധാന പരിഷത്ത് കമ്മിഷണര്‍ ഡോ. കെ. രമേഷ് റെഡ്ഡി പറഞ്ഞു. സി.എച്ച്.സി സൂപ്രണ്ടിനെയും ഡ്യൂട്ടി ഡോക്ടറെയും സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാലും ഗര്‍ഭിണികള്‍ക്ക് ഒരു കാരണവശാലും പ്രവേശനം നിഷേധിക്കരുതെന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നേരത്തെതന്നെ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാഗര്‍കുര്‍ണൂല്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.