​മണ്ഡലം മാറി ഹരീഷ് റാവത്ത്; ഉത്തരാഖണ്ഡിൽ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്

​മണ്ഡലം മാറി ഹരീഷ് റാവത്ത്; ഉത്തരാഖണ്ഡിൽ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്

ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ ഇത്തവണ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്ഥിരം മണ്ഡലത്തില്‍ മത്സരിക്കില്ല. അവസാന നിമിഷമാണ് റാവത്തിന്റെ മണ്ഡലം കോണ്‍ഗ്രസ് മാറ്റിയിരിക്കുന്നത്. ലാല്‍ഖന്‍ സീറ്റില്‍ നിന്നാണ് ഇത്തവണ ഹരീഷ് റാവത്ത് മത്സരിക്കുക. സ്ഥിരമായി അദ്ദേഹം രാംനഗറില്‍ നിന്നായിരുന്നു മത്സരിച്ചിരുന്നത്. രാംനഗറില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ മൂന്നാം ഘട്ട പട്ടികയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് മാറ്റിയത്. മൊത്തം പത്ത് പേര്‍ അടങ്ങുന്ന മൂന്നാം ഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഹരീഷ് റാവത്ത് നേരത്തെ മത്സരിച്ച രാംനഗറില്‍ അദ്ദേഹത്തിന്റെ മകളെ മത്സരിപ്പിക്കാൻ നീക്കമുണ്ടായിരുന്നു.

ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് ഇത്തവണ ഹരിദ്വാര്‍ റൂറലിലാണ് മത്സരിക്കുന്നത്.  കിച്ച, ഹരിദ്വാര്‍ റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ നിന്ന് റാവത്ത് കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. എന്നാല്‍ തോല്‍വിയായിരുന്നു ഫലം. ലാല്‍ഖനില്‍ നേരത്തെ സന്ധ്യ ദലക്കോട്ടിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇവരെ മാറ്റിയാണ് ഹരീഷ് റാവത്ത് എത്തിയത്. രാംനഗറില്‍ മഹേന്ദര്‍ പാല്‍ സിംഗാണ് ഇത്തവണ മത്സരിക്കുക. മഹേന്ദറിനെ നേരത്തെ കലദുംഗി സീറ്റില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇവിടെ മഹേഷ് ശര്‍മയാണ് മത്സരിക്കുന്നത്.

ദോല്‍വാല സീറ്റില്‍ ഗൗരവ് ചൗധരിയെയാണ് മത്സരിപ്പിക്കുന്നത്. നേരത്തെ മോഹിത് ഉനിയലിനെ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ജ്വാലാപൂരിൽ രവി ബഹാദൂര്‍ മത്സരിക്കും. ബര്‍ഖാ റാണിയായിരുന്നു ഇവിടെ നേരത്തെയുള്ള സ്ഥാനാര്‍ത്ഥി. യശ്പാല്‍ റാണ റൂര്‍ക്കെയിലാണ് മത്സരിക്കുന്നത്. അതേസമയം ലാല്‍ഖനില്‍ കടുത്ത പോരാട്ടം തന്നെയാണ് ഇത്തവണ നടക്കുക. ബിജെപിയുടെ മോഹന്‍ സിംഗ് ബിഷ്ത് ആണ് ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി. ഇവിടെ സിറ്റിംഗ് എംഎല്‍എ നവീന്‍ ചന്ദ്രന്‍ ധുംകയെ മാറ്റിയാണ് ബിഷ്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കടുത്ത ഭരണവിരുദ്ധ വികാരം ഈ മണ്ഡലത്തിലുണ്ട്. നവീന്‍ ചന്ദ്രയുടെ പ്രകടനവും മോശമായിരുന്നു. അതേ തുടര്‍ന്നാണ് ബിജെപി മാറ്റിയത്.

അതേസമയം അവസാന നിമിഷത്തെ മാറ്റം എന്തിനായിരുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. രഞ്ജിത്ത് റാവത്തിന്റെ വിമത ഭീഷണി തടയാനാണ് ഈ നീക്കമെന്ന് സൂചനയുണ്ട്. രാംനഗറില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന വാശിയിലായിരുന്നു ഹരീഷ് റാവത്ത്. എന്നാല്‍ ഈ മണ്ഡലം രഞ്ജിത്ത് റാവത്ത് കാലങ്ങളായി മത്സരിച്ച് ശക്തമായ കോണ്‍ഗ്രസ് കോട്ടയാക്കി മാറ്റിയിരുന്നു. ഹരീഷ് റാവത്തിന്റെ മുന്‍ വിശ്വസ്തനായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് പ്രിതം സിംഗിനൊപ്പമാണ് അദ്ദേഹം. എന്നാല്‍ രാംനഗറര്‍ കിട്ടിയില്ലെങ്കില്‍ രഞ്ജിത്ത് റാവത്ത് വിമതന്‍ ആവുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ സാള്‍ട്ട് മണ്ഡലത്തില്‍ നിന്ന് രഞ്ജിത്തിനെ മത്സരിപ്പിക്കാനാണ് സാധ്യത. ഈ മണ്ഡലം ആല്‍മോര ജില്ലയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.