കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍; സമൂഹ അടുക്കളകള്‍ വീണ്ടും തുറക്കുന്നു

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍; സമൂഹ അടുക്കളകള്‍ വീണ്ടും തുറക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ  യോഗം തീരുമാനിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഈ ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതുവരെ സി കാറ്റഗറിയിലുണ്ടായിരുന്നത്.

സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ തിയേറ്റര്‍, ജിംനേഷ്യം എന്നിവ അടച്ചിടണം. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. ഒണ്‍ലൈന്‍ വഴി മാത്രമായിരിക്കണം കര്‍മ്മങ്ങള്‍. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്ററിനു മാത്രമേ നേരിട്ടുള്ള ക്ലാസ് ഉണ്ടാവൂ.

നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. അടുത്ത മാസം ആറുവരെ പ്രതിദിനം അരലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

ആശുപത്രിയില്‍ ആകെ ചികിത്സയിലുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആവുമ്പോഴാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കും.

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂര്‍ധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗപ്പകര്‍ച്ച സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സമൂഹ അടുക്കള വീണ്ടും തുടങ്ങണം. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.