സര്‍ക്കാരിനുള്ള ധൃതി ഗവര്‍ണര്‍ക്കില്ല: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ നിയമവശങ്ങള്‍ പരിശോധിക്കും; തീരുമാനം വൈകും

സര്‍ക്കാരിനുള്ള ധൃതി ഗവര്‍ണര്‍ക്കില്ല: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ നിയമവശങ്ങള്‍ പരിശോധിക്കും; തീരുമാനം വൈകും

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ധൃതിപിടിച്ച് തീരുമാനം എടുക്കില്ലെന്ന് സൂചന. ഇക്കാര്യത്തില്‍ എല്ലാ നിയമവശങ്ങളും പരിശോധിക്കും. അതിന് ശേഷമേ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്ന കാര്യം ഗവര്‍ണര്‍ ആലോചിക്കൂ. അതിനാല്‍ തന്നെ ഗവര്‍ണറുടെ തീരുമാനം വൈകിയേക്കും.

ഈ മാസം 19 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കേരളാ ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വിവാദമായതിന് പുറമേ ഭേദഗതി വരുത്തുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് അടക്കം നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യമെല്ലാം കണക്കിലെടുത്താണ് വിശദമായ പരിശോധനക്ക് ശേഷം നിലപാട് എടുത്താല്‍ മതിയെന്ന് ഗവര്‍ണര്‍ തീരുമാനിച്ചത്.

വിഷയത്തില്‍ നിയമവശങ്ങളടക്കം ഗവര്‍ണര്‍ വിശദമായി പരിശോധിക്കും. ഒരുപക്ഷേ നിയമോപദേശം തേടാനും സാധ്യതയുണ്ട്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഗവര്‍ണര്‍ തലസ്ഥാനത്ത് മടങ്ങി എത്തിയശേഷം അടുത്താഴ്ച മാത്രമേ വിഷയം പരിശോധിക്കാന്‍ സാധ്യയുള്ളൂ.

ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളാണ് ഗവര്‍ണറെ കണ്ടത്. ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള ഓര്‍ഡിനന്‍സിലെ നിയമപ്രശ്നങ്ങള്‍ നേതാക്കള്‍ ഗവര്‍ണറെ ധരിപ്പിച്ചു.

ലോകായുക്ത ബില്‍ രാഷ്ട്രപതിയുടെ അനുമതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ഉന്നയിച്ച നിയമ പ്രശ്നങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചതായ വി.ഡി. സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.