ലോകായുക്ത: നിയമഭേദഗതിയ്ക്കുള്ള അടിയന്തര സാഹചര്യമെന്തെന്ന ചോദ്യവുമായി വീണ്ടും സിപിഐ

ലോകായുക്ത: നിയമഭേദഗതിയ്ക്കുള്ള അടിയന്തര സാഹചര്യമെന്തെന്ന ചോദ്യവുമായി വീണ്ടും സിപിഐ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയ്ക്കുള്ള അടിയന്തര സാഹചര്യമെന്തെന്ന ചോദ്യവുമായി വീണ്ടും സിപിഐ. 22 വര്‍ഷമായി നിലനിന്നിരുന്ന ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമ്പോള്‍ അത് മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്തിയില്ലെന്നാണ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ ആരോപണം. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടു വരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമ്പോള്‍ അതില്‍ എല്ലാ വിഭാഗം എംഎല്‍എമാര്‍ക്കും അവരവരുടെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരമുണ്ടാകണമായിരുന്നുവെന്നും പ്രകാശ് ബാബു പറഞ്ഞു. ക്യാബിനറ്റില്‍ പോലും ആവശ്യത്തിന് ചര്‍ച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ലെന്നാണ് സിപിഐയുടെ വ്യക്തമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിയമസഭ സമ്മേളിക്കാത്ത സമയം ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ഗവര്‍ണര്‍ക്ക് അയക്കുന്നതില്‍ ഭരണഘടനാപരമായി തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം. ഓര്‍ഡിനന്‍സിലേക്ക് പോകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് സിപിഐ ചോദിക്കുന്നത്. 1996-2001 നിയമസഭ ഈ വിഷയം ചര്‍ച്ച ചെയ്താണ് നിയമം പാസാക്കിയത്. അതിന് ഭേദഗതി കൊണ്ടുവരുമ്പോള്‍ അതും നിയമസഭ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നാണ് സിപിഐ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.