മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ.സോമനാഥ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ.സോമനാഥ് അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ. സോമനാഥ് (59) അന്തരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീടിന്റെ  കോണിപ്പടിയില്‍ നിന്നും തെന്നി വീണ് തലയ്ക്ക് ക്ഷതമേറ്റ സോമനാഥ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്‌കാഘാതം സംഭവിച്ച അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്.

മലയാള മനോരമയില്‍ ദീര്‍ഘ കാലം പ്രത്യേക ലേഖകനായി പ്രവര്‍ത്തിച്ച് കഴിഞ്ഞ വര്‍ഷം വിരമിച്ച സോമനാഥ് കേരളത്തിലെ പാര്‍ലമെന്ററി പത്രപ്രവര്‍ത്തനത്തില്‍ അതി വിദഗ്ധനായിരുന്നു. മൂന്ന് പതിറ്റാണ്ട് കാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത സോമനാഥിനെ അടുത്തിടെ നിയമസഭ ആദരിച്ചിരുന്നു.

മലയാള മനോരമയില്‍ സോമനാഥ് എഴുതിയിരുന്ന സഭാതലം എന്ന കോളം ഏറെ വിരസമായ നിയമസഭാ നടപടിക്രമങ്ങള്‍ ഒരു കഥ പോലെ രസാത്മകമാക്കിത്തീര്‍ക്കുന്നതായിരുന്നു. എന്നു മാത്രമല്ല, ഒരോ ദിവസത്തെയും ദീര്‍ഘമായ നടപടികളെ കാച്ചിക്കുറുക്കി പ്രധാന സംഭവങ്ങള്‍ ചോര്‍ന്നു പോകാതെ അവതരിപ്പിക്കാനുള്ള വൈഭവം സോമനാഥിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി.

മനോരമയുടെ എഡിറ്റോറിയല്‍ പേജിലെ പ്രതിവാര ആക്ഷേപഹാസ്യ കോളം കൈകാര്യം ചെയ്തിരുന്നത് സോമനാഥ് ആയിരുന്നു. ആ കോളം കേരള മാധ്യമങ്ങളിലെ തന്നെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ രചനകളായി അനുവാചകരിലും രാഷ്ട്രീയ കുതുകികളിലും സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു.

നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിങില്‍ സാഹിത്യവും നര്‍മ്മവും നിറച്ച് ഓരോ എഴുത്തും ഒരോ സര്‍ഗാത്മക രചനയാക്കിയ സോമനാഥ് അതേസമയം തന്നെ കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പത്രപ്രവര്‍ത്തകനും യാത്രികനുമാണ്. ഇ.സോമനാഥ് എഴുതിയ പ്രകൃതി സംബന്ധമായ സവിശേഷ വാര്‍ത്തകള്‍ ആ മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.