മുട്ടിടിക്കുന്ന വിപ്ലവ ശിങ്കങ്ങളും വിറകൊള്ളുന്ന ചെങ്കൊടിയും

മുട്ടിടിക്കുന്ന വിപ്ലവ ശിങ്കങ്ങളും വിറകൊള്ളുന്ന ചെങ്കൊടിയും

ഖാവ് നായനാരുടെ ഭരണ കാലത്താണ് (1996-2001) അഴിമതി വിമുക്ത കേരളം ഉറപ്പാക്കുന്നതിനായി ശക്തമായ ഒരു ലോകായുക്ത നിയമ നിര്‍മാണം വേണമെന്ന ആശയമുദിച്ചത്. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ഓരോ സംസ്ഥാനത്തും അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ രൂപവല്‍കരിക്കണമെന്ന് 1966 ല്‍ തന്നെ നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് കര്‍ണാടകത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന ലോകായുക്ത സംവിധാനത്തിന്റെ രീതികള്‍ പഠിച്ച് ആ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് നായനാര്‍ സര്‍ക്കാര്‍ 1998 ല്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കിയത്. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി. സുബ്രഹ്മണ്യന്‍ പോറ്റിയാണ് ഓര്‍ഡിനന്‍സിന്റെ കരടുരൂപം തയ്യാറാക്കിയത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി പൊതുപ്രവര്‍ത്തകരുടെ അഴിമതി ലോകായുക്തയില്‍ തെളിഞ്ഞാല്‍ അവര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് സര്‍ക്കാരിനെ ബാധ്യപ്പെടുത്തും വിധം പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം നല്‍കുന്ന ഒരു പുതിയ വകുപ്പ് സെക്ഷന്‍ 14 ആയി അതില്‍ ചേര്‍ത്തിരുന്നു. 1999 ല്‍ കേരള നിയമസഭ ലോകായുക്ത നിയമ ബില്‍ ചര്‍ച്ചയ്ക്കെടുത്തു. നിയമസഭാ ചര്‍ച്ചയില്‍ ഈ നിയമത്തിന്റെ വരും വരായ്കകളെല്ലാം അന്ന് സഭാംഗങ്ങള്‍ ചര്‍ച്ച ചെയതു.

ചിലരെങ്കിലും അതില്‍ അപകടം കണ്ടു. പക്ഷേ, അവരുടെ സന്ദേഹത്തിന് മറുപടിയായി മുഖ്യമന്ത്രിയായിരുന്ന നായനാര്‍ അന്നു നിലപാടെടുത്തത് അഴിമതി തുടച്ചുനീക്കാന്‍ ആ വകുപ്പ് അനിവാര്യമാണ് എന്നാണ്. സുപ്രീം കോടതിയില്‍ ന്യായാധിപസ്ഥാനത്തു സേവനം ചെയ്തിട്ടുള്ള പരിണിത പ്രജ്ഞനായ ഒരു ലോകായുക്തയുടെ ശുപാര്‍ശ സര്‍ക്കാര്‍ സ്വീകരിക്കുക തന്നെ വേണമെന്ന് ('shall be accepted') അന്ന് തീരുമാനമുണ്ടായി. ബില്ലിലെ നിയമ നിര്‍മാണങ്ങള്‍ ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതാകയാല്‍ സംസ്ഥാനം ഈ ലോകായുക്ത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയുമുണ്ടായി.

അഴിമതിക്കെതിരേയുള്ള കേരളത്തിന്റെ ഒരു പടപ്പുറപ്പാടായിരുന്നു അത്. അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച ആ നായനാര്‍ മന്ത്രിസഭയില്‍ ഇന്നത്തെ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു എന്നതും സ്മരണീയമാണ്. പക്ഷേ, ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അത്രയ്ക്കു പടയൊന്നും അഴിമതിക്കെതിരേ വേണ്ടാ എന്ന നിലപാടെടുത്തിരിക്കുകയാണ് മറ്റൊരു കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍. ഇത് കൗതുകകരമാണ്, തികച്ചും നിര്‍ഭാഗ്യകരവുമാണ്!

പുതിയ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലം

എജിയുടെ നിയമോപദേശ പ്രകാരമാണ് ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. പക്ഷേ, ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി കെ.ടി. ജലീല്‍ രാജിവച്ചൊഴിയേണ്ടി വന്ന ദിനത്തില്‍ തന്നെയാണ് എജിയുടെ നിയമോപദേശം വന്നത് എന്നതാണ് സത്യം!

ജലീലാകട്ടെ, ഹൈക്കോടതിയില്‍ പോയി ലോകായുക്തയുടെ പരാമര്‍ശം നീക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ കാര്യങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെട്ട കോടതിയുടെ, 'ഇദ്ദേഹം ഇപ്പോഴും ആ സ്ഥാനത്തു തുടരുകയാണോ' എന്ന ചോദ്യം കേട്ട് ഇളിഭ്യനായി. സ്വജനപക്ഷപാതത്തിലൂടെ അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല എന്നുമുള്ള ലോകായുക്തയുടെ കണ്ടെത്തല്‍ ഹൈക്കോടതി സ്ഥിരീകരിച്ചു. സുപ്രീം കോടതിയിലും ഒരു കൈനോക്കാന്‍ ശ്രമിച്ചെങ്കിലും കൈ പൊള്ളും എന്നറിഞ്ഞ് അതില്‍ നിന്നും അദ്ദേഹം പിന്‍വലിഞ്ഞു.

കമ്മ്യൂണിസ്റ്റു സര്‍ക്കാരിലെ മന്ത്രിമാര്‍ ഗുരുതരമായ അഴിമതി കാണിക്കുമ്പോള്‍ അതിനെതിരേ നിയമപരമായി ബാധ്യതപ്പെടുത്തുന്ന ശുപാര്‍ശ നടത്താന്‍ ലോകായുക്തയെ ഇനി അനുവദിക്കരുത് എന്ന് പിണറായി സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. തിരക്കിട്ട് ഇങ്ങനെ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ പിണറായി സര്‍ക്കാരിന് ഇടയാക്കിയ ചില അടിയന്തര സാഹചര്യങ്ങളുമുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാനദണ്ഡങ്ങള്‍ മറികടന്നു നടത്തിയിട്ടുള്ള സഹായധന വിതരണങ്ങളെക്കുറിച്ചുള്ള പരാതികളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ രമേശ് ചെന്നിത്തല സമര്‍പ്പിച്ച പരാതിയുമുള്‍പ്പെടെ ഗുരുതരമായ അഞ്ചു കേസുകള്‍ നിലവില്‍ ലോകായുക്തയുടെ മുമ്പിലുണ്ട്. അഴിമതി വിഷയത്തില്‍ വളരെ പരിതാപകരമാണ് ഈ സര്‍ക്കാരിന്റെ ഇന്നത്തെ അവസ്ഥ! ലോകായുക്തയെ ഇപ്പോള്‍ കെട്ടിയിട്ടില്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാനാവാത്ത സാഹചര്യമുണ്ട്. അതുതന്നെയാണ് ഇപ്പോഴത്തെ ഓര്‍ഡിനന്‍സിന്റെ പിന്നിലെ അടിയന്തരാവസ്ഥയും!

രണ്ടെണ്ണം ശരിയാകും!

ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന ഓര്‍ഡിനന്‍സിലൂടെ മുഖ്യമായും രണ്ടു ഭേദഗതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഴിമതിക്കാരെന്നു തെളിയിക്കപ്പെട്ട അധികാര സ്ഥാനത്തിരിക്കുന്നവര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്ത പ്രഖ്യാപിച്ചാലും ബന്ധപ്പെട്ട അധികാരികള്‍ക്ക് വീണ്ടും ഹിയറിങ്ങ് നടത്തി നടപടി വേണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അവകാശം ലഭിക്കുന്ന വിധത്തില്‍ സെക്ഷന്‍ 14 പരിഷ്‌കരിക്കുകയാണ് ഓര്‍ഡിനന്‍സിലെ മുഖ്യ നിയമ ഭേദഗതി. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനാണ് ഇതിലൂടെ സര്‍ക്കാരിന്റെ ശ്രമം എന്നു വ്യക്തം.

ഇത്തരമൊരു വിഷയത്തില്‍ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെ മറികടന്ന് നീതിയുക്തമായ തീരുമാനമെടുക്കാന്‍ വൈദഗ്ദ്ധ്യവും വ്യക്തിത്വ സമഗ്രതയും നിഷ്പക്ഷതയുമുള്ള ആരാണ് സര്‍ക്കാരിലുള്ളത് എന്ന ചോദ്യം ഇവിടെ സുപ്രധാനമാണ്. എല്ലാറ്റിനുമുപരി ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും നോക്കുകുത്തിയാക്കുന്ന സര്‍ക്കാരിന്റെ ഈ നീക്കം അനീതിക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും വളം വച്ചുകൊടുക്കുന്ന എക്‌സിക്യൂട്ടിവ് രാഷ്ട്രീയത്തിനേ ഉതകൂ എന്നതാണ് പച്ചപ്പരമാര്‍ത്ഥം.

ഹൈക്കോടതി മുന്‍ ജഡ്ജിമാരെപ്പോലും ലോകായുക്തയായി നിയമിക്കാനുള്ള നിയമ ഭേദഗതിയാണ് മറ്റൊന്ന്. നിലവിലുള്ള നിയമമനുസരിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജിമാര്‍ക്കും ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിനും മാത്രമേ ലോകായുക്തയായി നിയമിക്കപ്പെടാനാവുകയുള്ളൂ. ഈ ഭേദഗതിയിലൂടെ ലോകായുക്ത പദവിയുടെ മൂല്യം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു വ്യക്തം. മാത്രമല്ല, തങ്ങളോടുകൂടെ നില്‍ക്കുമെന്ന് ഉറപ്പുള്ളവരെ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സാധ്യത ലഭിക്കുമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ അഴിമതിക്കു നേരേ കണ്ണടയ്ക്കാന്‍ തയ്യാറുള്ള സ്വന്തം ലോകായുക്തയെ തേടുകയാണ് പിണറായി സര്‍ക്കാര്‍. ഇവര്‍ ഈ സൂത്രം പഠിച്ചത് സാക്ഷാല്‍ നരേന്ദ്ര മോഡിയില്‍ നിന്നാണെന്നു വേണം കരുതാന്‍. കാരണം കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനത്തില്‍ അദ്ദേഹം പരീക്ഷിച്ചു തുടങ്ങിയിരിക്കുന്ന തന്ത്രമാണിത്. വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കു മാത്രം ലഭിച്ചിരുന്ന ആ നിയമനം സുപ്രീം കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്ത സ്വന്തം ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കു നല്‍കി ഭാരതത്തിലെ മനുഷ്യാവകാശങ്ങള്‍ക്ക് ഒരു മോഡിയന്‍ കടിഞ്ഞാണ്‍ ഇട്ടുകഴിഞ്ഞിരിക്കുകയാണ് അദ്ദേഹം.

ചെലവാകാത്ത ന്യായീകരണങ്ങള്‍

നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയുടെ അന്തസത്തയ്ക്കു ചേരുന്നതല്ല എന്ന നിരീക്ഷണമാണ് കോടിയേരി ബാലകൃഷ്ണന്റേത്. നിയമസഭ കാണാതെ ഒരു നിയമം നടപ്പില്‍ വരുത്തുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്കു ചേരുന്നതാണോ എന്ന മറുചോദ്യമാണ് സ്വാഭാവികമായും ഉയരുന്നത്. നിയമസഭ ചര്‍ച്ച ചെയ്ത് നിയമ നിര്‍മാണം നടത്തും മുമ്പേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മാത്രം നിയമ പിന്‍ബലം ആവശ്യമായ എന്ത് അടിയന്തര ഘട്ടമാണ് ഇന്ന് നിലവിലുള്ളത് എന്ന ചോദ്യത്തിനാണ് കോടിയേരി സഖാവ് ആദ്യം മറുപടി പറയേണ്ടത്.

മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത ഒരു സെക്ഷന്‍ കേരളത്തിനു മാത്രമായി എന്തിന് എന്നതാണ് നിയമ മന്ത്രി പി. രാജീവും ചില സഖാക്കളും ഇപ്പോള്‍ ഉന്നയിക്കുന്ന ഒരു ചോദ്യം. എല്ലായിടത്തും നടക്കുന്നതു പോലെ പിടിക്കപ്പെടാതെ ഇവിടെയും അഴിമതി നടന്നാല്‍ എന്താണു കുഴപ്പം എന്നാണ് ഈ ചോദ്യത്തിന്റെ യഥാര്‍ത്ഥ ധ്വനി സഖാവേ. മുഖമടച്ചുള്ള ഒരു മറുപടി നല്‍കാന്‍ ഒരു നായനാര്‍ സഖാവ് ഇക്കൂട്ടത്തില്‍ ഇല്ലാതെപോയി എന്നതാണ് ആ പാര്‍ട്ടിയുടെ ഇന്നത്തെ ദുര്യോഗം!

പ്രത്യേകിച്ച് നടപടി ക്രമങ്ങളൊന്നും കൂടാതെയുള്ളതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട് എന്ന മട്ടിലാണ് ചില സഖാക്കളുടെ കള്ള പ്രചാരണങ്ങള്‍. കുറ്റാരോപിതന് സ്വാഭാവിക നീതി (natural justice) നിഷേധിക്കപ്പെടരുത് എന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിയമ മന്ത്രി നടത്തിയ പ്രസ്താവനയാണ് ഇത്തരം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുള്ളത്.

എന്നാല്‍ വാസ്തവം മറ്റൊന്നാണ്. പരാതി ലഭിച്ചാല്‍, അന്വേഷണം ആരംഭിക്കും മുമ്പ് കുറ്റാരോപിതന് നോട്ടീസ് അയയ്ക്കുകയും ലിഖിത പ്രസ്താവനകള്‍ സമര്‍പ്പിക്കാനും സാക്ഷികളെയും തെളിവുകളും ഹാജരാക്കാനും വിസ്താര വേളയില്‍ സന്നിഹിതനാകാനും വക്കീലിനെ വച്ചു വാദിക്കാനുമൊക്കെ അവസരം നല്‍കുകയും ചെയ്ത് നടപടി ക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടേ ലോകായുക്തയ്ക്ക് പ്രവര്‍ത്തിക്കാനാകൂ.

ഉറപ്പാണ് അഴിമതി!

അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത് വിപ്ലവ വീര്യത്തോടെ മുന്നേറുകയാണ് പിണറായി സര്‍ക്കാര്‍. ആദ്യം സിഎജി, പിന്നെ വിവരാവകാശ നിയമം, ശേഷം വിജിലന്‍സ്, ഇപ്പോള്‍ ലോകായുക്ത... സര്‍ക്കാരിന്റെ ക്രമക്കേടുകളെക്കുറിച്ച് സിഎജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രമേയം പാസാക്കി തള്ളിക്കളഞ്ഞ പിണറായി സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ ജനത്തിന്റെ അവകാരം പരിമിതപ്പെടുത്തിയത് നമ്മള്‍ കണ്ടതാണ്. വിജിലന്‍സ് കമ്മീഷനെ നിര്‍ഗുണമാക്കി മാറ്റുകയും സത്യസന്ധരായ ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയും ചെയ്തതും നമ്മുടെ കണ്‍മുമ്പിലുണ്ട്.

ഇപ്പോള്‍ ലോകായുക്തയ്ക്കു കൂടി മൂക്കുകയറിടുമ്പോള്‍ എല്ലാം പൂര്‍ണമാകുന്നു. കെ-റെയില്‍ പദ്ധതിക്കൊക്കെ മുമ്പേയുള്ള പശ്ചാത്തല ഒരുക്കം കൂടിയാണിതൊക്കെ എന്ന് ജനാധിപത്യ ജാഗ്രതയുള്ള ഒരു സാധാരണ പൗരന് തോന്നിപ്പോയാല്‍ കുറ്റം പറയാനാകില്ല. പക്ഷേ, ഇനി അഴിമതിവിരുദ്ധ പോരാട്ടം നടത്താന്‍ ആഗ്രഹിക്കുന്ന ആ പൗരന് ആശ്രയിക്കാനായി അവശേഷിച്ചിട്ടുള്ളത് കോടതി മാത്രം! ബാക്കിയെല്ലാം അവര്‍ ശരിയാക്കി.

ഇരട്ടച്ചങ്കൂറ്റത്തോടെയും കൂട്ടിയിടിക്കുന്ന മുട്ടുകളോടെയും അഴിമതിക്ക് ഈന്‍ക്വിലാബ് വിളിക്കുന്ന ഉശിരന്‍ കമ്മ്യൂണിസ്റ്റു സര്‍ക്കാരിന് നല്ല ചെമചെമപ്പന്‍ വിപ്ലവാഭിവാദ്യങ്ങള്‍! പാറിപ്പറക്കാതെ, വീര്യത്തോടെ വിറകൊള്ളുന്ന ചെങ്കൊടിക്കും ഒരു വമ്പന്‍ സല്യൂട്ട്!



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.