ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഫോണ്‍ ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയും ഇന്ന് ഹൈക്കോടതിയില്‍

 ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഫോണ്‍ ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയും ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടന്‍ ദിലീപിന്റെ കൈവശമുളള മൊബൈല്‍ ഫോണുകള്‍ ഉടന്‍ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ പതിനൊന്നിന് ഹര്‍ജി പരിഗണിക്കുന്നതിനായി കോടതി ചേരും. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകള്‍ ദിലീപ് മനപൂര്‍വം മറച്ചുപിടിക്കുന്നു എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍ തന്റെ സ്വകാര്യതയുമായി ബന്ധപ്പട്ട കാര്യങ്ങള്‍ ഉളളതിനാല്‍ ഹാജരാക്കാനാകില്ലെന്നാണ് ദിലീപിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ നിലപാടറിയിക്കാന്‍ ദിലീപിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കിരുന്നു. തന്റെ മുന്‍ഭാര്യയുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപിന്റെ വാദം.

എന്നാല്‍ അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കില്‍ ഈ ഫോണ്‍ കോടതിയില്‍ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി പരിഗണിക്കവേയാണ് ദിലീപ് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്. ദിലീപിന്റെ വസതിയില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഫോണുകള്‍ പുതിയ ഫോണുകളാണ്. 2022 ജനുവരിയില്‍ മാത്രമാണ് ആ ഫോണുകള്‍ ദിലീപും സഹോദരന്‍ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകള്‍ കേസില്‍ നിര്‍ണായകമാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.

ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍ ഫോണ്‍, ഒരു വിവോ ഫോണ്‍, ദിലീപിന്റെ സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോണ്‍ എന്നിവ അന്വേഷണം തുടങ്ങിയപ്പോള്‍ മാറ്റിയെന്നും അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറയുന്നു. എന്നാല്‍ ഈ ഫോണുകള്‍ മാറ്റിയെന്ന കാര്യത്തില്‍ ദിലീപ് തര്‍ക്കിക്കുന്നില്ല. പക്ഷേ, ഫോണ്‍ കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്നാണ് ദിലീപിന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.